കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെ 81 കാരന് കൊറോണ; സ്ഥിതി ഗുരുതരം

കണ്ണൂര്‍: കണ്ണൂരില്‍ ആദ്യമായി സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 81 കാരന്റെ നില അതീവ ഗുരുതരം. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്നവരില്‍ നാല് പേര്‍ കൂടി ആശുപത്രി വിട്ടു. ചെറുവാഞ്ചേരി സ്വദേശിക്കാണ് കണ്ണൂരില്‍ പുതുതായി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ മാസം ഇയാളുടെ മകളും മകളുടെ മക്കളും ഗള്‍ഫില്‍ നിന്നും എത്തിയിരുന്നു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഇവര്‍ക്ക് ഇതുവരെ രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ മൂന്ന് ദിവസം മുന്‍പ് പനിയും മറ്റുുമുണ്ടായതിനെ തുടര്‍ന്ന് എണ്‍പത്തിയൊന്നുകാരന്‍ കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ശ്വാസകോശ സംബന്ധമായ രോഗങ്ങളും ഹൃദ്രോഗവുമുള്ള ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാളുടെ മകളുടെയും മകളുടെ മക്കളുടേയും സാംപിളുകള്‍ ഉടന്‍ പരിശോധനയ്ക്ക് അയക്കും. സമ്പര്‍ക്കം വഴി രോഗം ബാധിച്ച ജില്ലയിലെ ആദ്യ കേസാണിത്. ഇതുവരെ വിദേശത്ത് നിന്നെത്തിയവരില്‍ മാത്രമായിരുന്നു ജില്ലയില്‍ വൈറസ് ബാധ കണ്ടെത്തിയത്.

ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 53 ആയി. ഇവരില്‍ നാല് പേര്‍ കൂടി ആശുപത്രി വിട്ടു. ഇതോടെ 19 പേര്‍ക്ക് കണ്ണൂരില്‍ രോഗം ഭേദമായി. ജില്ലയില്‍ നിലവില്‍ 10430 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 87 പേര്‍ ആശുപത്രികളിലാണുള്ളത്. 61 സാംപിളുകളുടെ ഫലം കൂടി ലഭിക്കാനുമുണ്ട്.

Top