കോവിഡ് വ്യാപനം തടയാന്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് ഇലക്ട്രിക് ബൈക്ക്

കോവിഡ് വ്യാപനം തടയുന്നതില്‍ പ്രധാനമാണ് സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ്. യാത്രകളിലുള്‍പ്പെടെ ഇത് ഉറപ്പാക്കണമെന്ന് കര്‍ശന നിര്‍ദേശവുമുണ്ട്. കഴിഞ്ഞ ദിവസം സമൂഹിക അകലം പാലിക്കലിന്റെ ഭാഗമായി പ്രത്യേകം ഡിസൈന്‍ ചെയ്ത ഒരു ഓട്ടോറിക്ഷ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.ഇപ്പോഴിതാ ഇതുപോലെ ഡിസൈന്‍ ചെയ്ത ഒരു ബൈക്കാണ് പുതിയ താരം.

ത്രിപുരയിലെ ഒരു മെക്കാനിക്കാണ് സമൂഹിക അകലം ഉറപ്പാക്കിയുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മിച്ചിരിക്കുന്നത്. ഡ്രൈവറിന്റെ സീറ്റില്‍ നിന്ന് ഒരു മീറ്റര്‍ അകലത്തിലാണ് പിന്‍സീറ്റ് നല്‍കിയിട്ടുള്ളത്. പിന്‍സീറ്റിലെ യാത്രകാരന് പിടിക്കാന്‍ ഒരു ഹാന്‍ഡില്‍ ബാറും ഇവിടെ നല്‍കിയിട്ടുണ്ട്.

ഒരു ഇരുമ്പ് റാഡിലാണ് ഇരുചക്രങ്ങളും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നത്. അഗര്‍ത്തലയിലെ സാഹ എന്നയാളാണ് ഈ ബൈക്കിന് രൂപം നല്‍കിയിരിക്കുന്നത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ വാഹനം മൂന്ന് മണിക്കൂറിലാണ് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ആകുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് സാഹ പറയുന്നത്.

സമൂഹമാധ്യമങ്ങളില്‍ താരമായതോടെ അഭിനന്ദന പ്രവാഹമാണ് സാഹയ്ക്ക്. കോവിഡ് കാലത്ത് മികച്ച ബോധവത്കരണത്തിന് സഹായിക്കുന്ന ബൈക്ക് നിര്‍മിച്ച സാഹയെ അഭിനന്ദിക്കുന്നെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

Top