ഇനിയുള്ളത് സാമൂഹിക വ്യാപനം; പ്രതിരോധത്തിന് കൂട്ടായ ശ്രമം വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുള്ളത് സാമൂഹിക വ്യാപനത്തിന്റെ ഘട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹ വ്യാപനം തടയാനുള്ള പ്രതിരോധത്തിന് കൂട്ടായ ശ്രമം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷാ മുന്‍ കരുതലുകളില്‍ വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എന്തിന്റെ പേരിലായാലും സമരങ്ങള്‍ അനുവദിക്കാനാവില്ലെന്നും കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള സമരം കുറ്റകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഈ സാഹചര്യത്തില്‍ ബ്രേക്ക് ദി ചെയ്ന്‍ ക്യാംപെയ്ന്‍ ശക്തമായി മുന്നോട്ട് പോകണം. സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. കൈകള്‍ ഇടക്കിടെ സോപ്പുപയോഗിച്ച് ശുചിയാക്കണം. പൊതു ഇടങ്ങളില്‍ മാസ്‌ക് ഉപയോഗം പ്രധാനപ്പെട്ടത്. രോഗം ഒരാളില്‍ നിന്ന് പകരാതിരിക്കാന്‍ മാസ്‌ക് സഹായിക്കുന്നു.

കൊവിഡ് ബാധിതനായ ഒരാളും മറ്റൊരു വ്യക്തിയും മാസ്‌കില്ലാതെ അടുത്തടുത്ത് വന്നാല്‍ രോഗം പകരാന്‍ സാധ്യത കൂടും. രണ്ടാളുകളും മാസ്‌ക് ധരിച്ചാല്‍ രോഗം പകരാനുള്ള സാധ്യത കുറയും. പൊതു സ്ഥലങ്ങളില്‍ മാസ്‌കുകള്‍ നിര്‍ബന്ധമായും എല്ലാവരും ധരിക്കണം. മാസ്‌ക് ധരിച്ചത് കൊണ്ട് എല്ലാമാകില്ല. ശാരീരിക അകലം പാലിച്ചില്ലെങ്കില്‍ മാസ്‌ക് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊവിഡ് പ്രതിരോധത്തെ തകര്‍ക്കാന്‍ ശ്രമങ്ങളുണ്ടാവുന്നുണ്ട്. അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top