യു.പി മുഖ്യമന്ത്രി യോഗിയെ പൊളിച്ചടക്കി യുവാവിന്റെ കിടിലന്‍ ഫേസ് ബുക്ക് പോസ്റ്റ് . .

കൊച്ചി : ബക്കറ്റില്‍ തൊട്ടതിന് മേല്‍ജാതിക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊന്ന ദലിത് സ്ത്രീയുടെയും അവരുടെ ഗര്‍ഭസ്ഥ ശിശുവിന്റെയും ‘വിലാപം’ ഏറ്റെടുത്ത് കേരളം.

പൈശാചികമായ ഈ പ്രവര്‍ത്തിക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രവഹിക്കുന്നത്.

ബി.ജെ.പി ജന രക്ഷായാത്രയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ വന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ‘യു പി യെ കണ്ടു പഠിക്കണം കേരളമെന്ന് പറഞ്ഞത് ‘ ആയുധമാക്കിയും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

എറണാകുളം സ്വദേശി നോബിന്‍ തോമസ് ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

കേരളം യു.പിയെ കണ്ടു പഠിക്കണമെന്ന് കേരളത്തില്‍ വന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതിന്റെ പൊരുള്‍ ഇതായിരുന്നുവോ ?

മേല്‍ജാതിക്കാരിയുടെ ബക്കറ്റില്‍ തൊട്ടതിന് എട്ടു മാസം ഗര്‍ഭിണിയായിരുന്ന സാവിത്രിദേവിയെന്ന സ്ത്രീയും ഗര്‍ഭസ്ഥ ശിശുവും യോഗി ഭരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്ത് ക്രൂരമായ അടിയും തൊഴിയുമേറ്റ് മരിച്ച സംഭവം രാജ്യത്തെ ഞെട്ടിക്കുന്നതാണ്.

ഇത്തരം കിരാത ആക്രമണം നടക്കുന്ന ഒരു സംസ്ഥാനത്തെ കണ്ടു പഠിക്കേണ്ട ഗതികേട് സാംസ്‌കാരിക കേരളത്തിനില്ലന്ന് ബഹുമാനപ്പെട്ട യു.പി മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു.

മൃഗീയമെന്ന് പറഞ്ഞാല്‍ മൃഗങ്ങള്‍ പോലും പ്രതിഷേധിക്കുന്ന ഇത്തരമൊരു കാടത്തം സാംസ്‌കാരിക കേരളത്തില്‍ നടത്താന്‍ ആരും തന്നെ ധൈര്യപ്പെടില്ല.

അഥവാ ആര്‍ക്കെങ്കിലും അങ്ങനെ ‘തോന്നിയാല്‍’ തന്നെ യു.പി യില്‍ ഇപ്പോള്‍ ഈ കേസിലെ പ്രതികള്‍ ഒളിച്ചതു പോലുള്ള സാഹചര്യം ഒരിക്കലും ഉണ്ടാകില്ലന്നും ഉറപ്പാണ്. നാട്ടുകാര്‍ തന്നെ അത്തരക്കാരെ കൈകാര്യം ചെയ്തിരിക്കും. അതാണ് കേരളത്തിന്റെ ശീലം.

ജാതിക്കും മതത്തിനുമല്ല, അതിനുമപ്പുറമുള്ള വിശാലമായ ഒരു ലോകത്തെയാണ് കേരളം പ്രതിനിധാനം ചെയ്യുന്നത്.

ഒരു ബക്കറ്റില്‍ പോലും തന്റെ ജാതിമേല്‍ക്കോയ്മ കാണുന്നവരുള്ള സംസ്ഥാനത്ത് ആദ്യം അത്തരക്കാരെ മനുഷ്യരായി ജീവിക്കാന്‍ പഠിപ്പിച്ചതിനു ശേഷമായിരിക്കണം അയല്‍ സംസ്ഥാനത്തെ ‘വിശേഷങ്ങളില്‍’ ഇടപെടാന്‍ യോഗിമാര്‍ വരേണ്ടത്.

ഗൊരാഖ് പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ മരിച്ചതിലും ഭീകരമാണ് ജാതി കോമരങ്ങളുടെ തൊഴിയേറ്റ് അമ്മയോടൊപ്പം പുറം ലോകം കാണാതെ മരിക്കേണ്ടി വന്ന ഗര്‍ഭസ്ഥ ശിശുവിന്റെ മരണം.

മരണാനന്തരമുള്ള ലോകത്ത് നല്ല ഒരു ഇരിപ്പിടം ലഭിക്കാന്‍ പ്രവര്‍ത്തിക്കുന്ന ആത്മീയതയേക്കാള്‍ ജീവിച്ചിരിക്കുന്ന ലോകത്ത് കിടപ്പാടം ഇല്ലാത്തവര്‍ക്ക് ഇരിപ്പിടം ലഭിക്കാന്‍ പോരാടുന്ന ഒരു പാട് നല്ല കമ്യൂണിസ്റ്റുകള്‍ ഉള്ള നാടാണിത്.

ദളിതനും പിന്നോക്കക്കാരനുമെല്ലാം പൂജാരിയാവാന്‍ പറ്റുന്ന രാജ്യത്തെ ഏക സംസ്ഥാനം. കേരളത്തില്‍ ചുവപ്പ് ഭീകരത ആരോപിക്കുന്നവര്‍ ഇക്കാര്യം മനസ്സിലാക്കുന്നത് നല്ലതാണ്.

ഇവിടെ ജാതിയുടെയും മതത്തിന്റെയും കണ്ണില്‍ മാത്രം കാര്യങ്ങള്‍ നോക്കി കാണുന്ന ഇടുങ്ങിയ ചിന്താഗതിയുള്ള ജനതയല്ല ഉള്ളത്.

അത് കൊണ്ടാണ് അത്തരം ചിന്താഗതിക്കാരുടെ രാഷ്ട്രീയവും ഇവിടെ ചിലവാകാത്തത്.

Top