സോഷ്യല്‍ മീഡിയയിലൂടെ മൃഗ സംരക്ഷണ ഉപദേശം നല്‍കി കുരുക്കിലായി ഷാഹിദ് അഫ്രീദി

ഇസ്ലാമാബാദ്: സോഷ്യല്‍ മീഡിയയിലൂടെ മൃഗ സംരക്ഷണ ഉപദേശം നല്‍കി കുരുക്കിലായിരിക്കുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ചങ്ങലയില്‍ ബന്ധിച്ച സിംഹത്തിനൊപ്പം അഫ്രീദിയും മകളും നില്‍ക്കുന്നതും മാനിന് പാല്‍ നല്‍കുകയും ചെയ്യുന്ന രണ്ടു ചിത്രങ്ങളാണ് വിനയായത്.

ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്ത ഈ ചിത്രത്തോടൊപ്പമാണ് മൃഗങ്ങളെ സ്‌നേഹിക്കേണ്ടതിനെ കുറിച്ച് അഫ്രീദിയുടെ ഉപദേശം. എന്നാല്‍ കാട്ടിലെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ കഴിയേണ്ട മൃഗങ്ങളെ വീട്ടില്‍ ചങ്ങലയ്ക്കിട്ട് അഫ്രീദി അവയോട് ക്രൂരത കാട്ടുകയാണെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാനിലെ മൃഗ സ്‌നേഹികള്‍ രംഗത്തു വന്നിരിക്കുകയാണ്.

പാക്കിസ്ഥാനിലെ സോഷ്യല്‍ മീഡിയാ ഉപയോക്താക്കള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ് ഈ ചിത്രങ്ങള്‍. മൃഗസംരക്ഷണ സംഘടനകള്‍ ഇടപെടണമെന്നും അഫ്രീദി വീട്ടില്‍ വളര്‍ത്തുന്ന സിംഹത്തെ മോചിപ്പിക്കണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടു. ക്രൂരവും മനുഷ്യത്വരഹിതവുമായ പ്രവര്‍ത്തിയാണിതെന്നും പണവും പ്രശസ്തിയും അനുകമ്പ നല്‍കില്ലെന്നും ട്വിറ്ററില്‍ ഒരാള്‍ കുറിച്ചു. അഫ്രീദിക്കൊപ്പമുള്ള സിംഹം വളരെ ക്ഷീണിച്ച് അവശനായിട്ടുണ്ട്. ഇത് സങ്കടകരമായ കാഴ്ചയാണെന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്തു. അന്താരാഷ്ട മൃഗസംരക്ഷണ സംഘടനയായ പെറ്റയെ ടാഗ് ചെയ്തു കൊണ്ടാണ് പല ട്വീറ്റുകളും.

Top