ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി; വിവാദ നടപടിയില്‍ വിശദീകരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി നല്‍കിയ കേന്ദ്രസര്‍ക്കാറിന്റെ നടപടി വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണമാണ് വിവാദത്തിനു കാരണമായിരിക്കുന്നതെന്നാണ് മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കുന്നത്.

പ്രവര്‍ത്തനം ആരംഭിക്കാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി നല്‍കിയതെങ്ങനെ എന്ന ചോദ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാല്‍ നിര്‍ദിഷ്ട വിദ്യാഭ്യാസ സ്ഥാപനത്തിന് ശ്രേഷ്ഠപദവി നല്‍കാമെന്നാണ് ചട്ടത്തില്‍ പറയുന്നത് എന്ന് മാനവ വിഭവശേഷി മന്ത്രാലയം പറയുന്നു. വിദ്യാഭ്യാസ സ്ഥാപനം മൂന്നുവര്‍ഷത്തിനകം നിലവില്‍ വരണമെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

കേന്ദ്രസര്‍ക്കാറിന്റെ നടപടിയെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത് എത്തിയിരുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

രാജ്യത്ത് ആറു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ശ്രേഷ്ഠപദവി നല്‍കിയിരിക്കുന്നത്. ഇതില്‍ മൂന്നെണ്ണം സര്‍ക്കാര്‍ സ്ഥാപനങ്ങളും മൂന്നെണ്ണം സ്വകാര്യ സ്ഥാപനങ്ങളുമാണ്. ജെ എന്‍ യു ഉള്‍പ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴിവാക്കി കൊണ്ടാണ് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ഐ.ഐ.ടി ഡല്‍ഹി, ഐ.ഐ.ടി ബോംബെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്.സി)ബംഗളൂരു, ബിറ്റ്‌സ് പിലാനി, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍, നവി മുംബൈയില്‍ തുടങ്ങാനിരിക്കുന്ന റിലയന്‍സ് ഫൗണ്ടേഷന്റെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കാണ് മാനവശേഷി മന്ത്രാലയം ശ്രേഷ്ഠപദവി നല്‍കിയിരിക്കുന്നത്.

Top