ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളിലെ എന്‍ക്രിപ്റ്റഡ് വിവരങ്ങള്‍ ചുരുളഴിച്ചെടുക്കാന്‍ ഒരരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിയമ വിരുദ്ധമായ സോഷ്യല്‍ മീഡിയാ സന്ദേശങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് രഹസ്യകോഡുകളായി സൂക്ഷിച്ചിരിക്കുന്ന (എന്‍ക്രിപ്റ്റഡ്) വിവരങ്ങള്‍ ചുരുളഴിച്ചെടുക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സാമൂഹ്യ മാധ്യമങ്ങളുടെ അഭിപ്രായം തേടിയിരിക്കുന്നത്.
ഇതുമായ് ബന്ധപ്പെട്ട് തീരുമാനങ്ങള്‍ ഒന്നും എടുത്തിട്ടില്ലെങ്കിലും സര്‍ക്കാര്‍ വൃത്തങ്ങള്‍ സോഷ്യല്‍ മീഡിയ കമ്പനികളുമായി ചര്‍ച്ച നടത്തി വരികയാണ്. സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന വ്യാജ സന്ദേശങ്ങളെ പിന്‍പറ്റി ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും തുടര്‍ക്കഥയാവുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഗൂഗിള്‍, ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ആമസോണ്‍, യാഹു, ട്വിറ്റര്‍, ഷെയര്‍ചാറ്റ്, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി കഴിഞ്ഞു. ജനുവരി ഏഴിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാവു എന്നാണ് സോഷ്യല്‍ മീഡിയ കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. വ്യാജസന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നവര്‍ക്ക് മാസത്തില്‍ ഒരു തവണയെങ്കിലും മുന്നറിയിപ്പ് നല്‍കാനാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.