കുവൈത്ത് സിറ്റി: സാമൂഹിക മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ നിയന്ത്രിക്കാന്‍ നിയമ നടപടിയുമായ് കുവൈത്ത് സര്‍ക്കാര്‍. ഇന്റര്‍നെറ്റ് വഴിയുള്ള വിദ്വേഷ പ്രചാരണങ്ങളും സൈബര്‍ കുറ്റകൃത്യങ്ങളും ഇല്ലാതാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് തീവ്രവാദ നിലപാടുകളെ പ്രോത്സാഹിപ്പിക്കുക ഇസ്ലാമികാധ്യാപനങ്ങള്‍ക്ക് വിരുദ്ധമായ സന്ദേശങ്ങള്‍ അയക്കുന്നത് തടയുക എന്നീ കാര്യങ്ങള്‍ക്കാണ്
അധികൃതര്‍ പ്രഥമ പരിഗണന നല്‍കുന്നത്.
ജി.സി.സിയിലേതുള്‍പ്പെടെ ചില വിദേശരാജ്യങ്ങള്‍ വ്യാജ സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച നടപടികളും അവിടങ്ങളിലെ നിയമങ്ങളും പഠന വിധേയമാക്കിയതിന് ശേഷമായിരിക്കും നിയമം നടപ്പിലാക്കുക. നേരത്തെ, സാമൂഹിക മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനായി കുവൈത്ത് സര്‍ക്കാര്‍ പ്രത്യേക സോഫ്റ്റ്വെയര് സ്വന്തമാക്കാന്‍ ആലോചിക്കുന്നതായ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയവയിലെ നിയമവിരുദ്ധമായ ഉള്ളടക്കം കണ്ടെത്താനാണ് സോഫ്റ്റ്വെയര് ഉപയോഗിക്കുക. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് 75000 ദീനാറാണ് മൊത്തം ചെലവ് കണക്കാക്കുന്നത്. വ്യാജപേരും ചിഹ്നങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന അക്കൗണ്ടുകള്‍ പൂട്ടിക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വര്‍ഷം ട്വിറ്റര്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.