സന്തോഷവും, സങ്കടവും, അറിവും അനുഭവങ്ങളുമൊക്കെ യുവതലമുറ ഇന്ന് ആദ്യം പങ്കുവെയ്ക്കുന്നത് സോഷ്യല്‍ മീഡിയകളോടാണ്. കാരണം മനുഷ്യരില്‍ മറ്റുള്ളവരെക്കാള്‍ സ്വാധീനം ചെലുത്താന്‍ സോഷ്യല്‍ മീഡിയകള്‍ക്ക് കഴിഞ്ഞുവെന്നതാണ് സത്യം. സമൂഹത്തിന്റെ പൊതുവേദിയായി അത് മാറിയതാകട്ടെ ചുരുങ്ങിയകാലം കൊണ്ടും. സമൂഹമാധ്യമങ്ങള്‍ സമൂഹത്തിന്റെ നേരിട്ടുള്ള വിലയിരുത്തലിന് വേദിയാക്കി മാറ്റാം എന്ന് യുവതലമുറ ആധുനിക സമൂഹത്തോട് വിളിച്ചുപറയുമ്പോള്‍ അത് തീര്‍ച്ചയായും പുതിയ ഒരു തിരിച്ചറിവിന് തന്നെ വഴി ഒരുക്കുകയാണ്.
പ്രതികരണശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തിന് മനസ് തുറന്നു പ്രതികരിക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കുവാനും നല്ലൊരു വേദിയായി കൂടി സോഷ്യല്‍ മീഡിയ മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഉപകാരത്തിന് പുറമെ ചില ദോഷവശങ്ങളും സോഷ്യല്‍ മീഡിയകള്ക്കുണ്ട്. അവ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നുമുണ്ട്.
വ്യാജ അക്കൗണ്ടുകളാണ് ഇന്നത്തെ പ്രധാന പ്രശ്നം. സോഷ്യല്‍ മീഡിയ തുടങ്ങിയ കാലം തൊട്ടേ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അത് ഇത്രത്തോളം പ്രശ്നമായിരുന്നില്ല. എന്നാല്‍ ഇന്ന് മനുഷ്യന്റെ ബുദ്ധി വികസിക്കുന്നതിനനുസരിച്ച് അവന്റെ വൈകൃതമായ ചിന്തകളും വളരുകയാണ്. അതിനനുസരിച്ച് മറ്റുള്ളവരെ തന്റെ കളിപ്പാവകളാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികളും വര്‍ധിക്കുകയാണ്. ഇവിടെ കുരുക്കിലാക്കപ്പെടുന്നത് സാധാരണക്കാര്‍ മാത്രമല്ല പ്രശസ്തരും സിനിമാതാരങ്ങളും സൈനീകനുമുണ്ട്. എന്നാല്‍ ഇവരുടെയൊക്കെ വ്യാജ അക്കൗണ്ടുകള്‍ ആര് നിര്‍മ്മിക്കുന്നു ആര് കൈകാര്യം ചെയ്യുന്നുവെന്ന വിവരങ്ങളൊന്നും തന്നെ പുറത്തു വരുന്നുമില്ല.
നടന്മാരായ ഉണ്ണിമുകുന്ദന്റേയും ഫഹദ് ഫാസിലിന്റേയും അമേരിക്കയില്‍ സൈനികനായ സെര്‍ജന്റ് ഡാനിയേല്‍ അനോന്സനിന്റേയും കഥ ഒട്ടും വ്യത്യസ്തമല്ല. സൈനികന്റെ പേരില്‍ നിരവധി അക്കൗണ്ടുകളാണ് വ്യാജമായി ഉണ്ടായിരുന്നത്. ഇത്തരം വ്യാജ അക്കൗണ്ട് വഴി സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുകയും ചെയ്യുന്നു. ഇവിടെ പറ്റിക്കപ്പെട്ടത് റിനീ ഹോളണ്ട് എന്ന സ്ത്രീയാണ്. രണ്ടുവര്‍ഷത്തോളം പരിചയമുള്ള സൈനികന് വേണ്ടി തന്റെ സമ്പത്തില്‍ പകുതിയിലധികം ചിലവഴിച്ചു. പിന്നീടാണ് താന്‍ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് അറിയുന്നത്.
എന്നാല്‍ യഥാര്‍ഥത്തില്‍ സൈനികന് റീനിയെ അറിയില്ല. ഇങ്ങനെയൊരു സൗഹൃദത്തെക്കുറിച്ച് ഒരു പിടിയുമില്ല. അമേരിക്കന്‍ നാവികസേനിയല് ജോലി ചെയ്യുന്ന സൈനികനാണ് അദ്ദേഹം. യഥാര്‍ഥ പേര് സെര്‍ജന്റ് ഡാനിയേല്‍ അനോന്സന്. സുഹൃത്തുക്കളും കുടുംബവുമായി ബന്ധം നിലനിര്‍ത്താന്‍ ഒരു ദശകം മുമ്പാണ് അയാള്‍ ഫെയ്സ്ബുക്കില്‍ അക്കൗണ്ട് തുടങ്ങുന്നത്. ഇപ്പോഴത്തെ പ്രശ്നം, അദ്ദേഹമറിയാതെ, ആ പേരില്‍ ഡസന്‍കണക്കിന് ഫെയ്സ്ബുക് അക്കൗണ്ടുകള്‍ നിലവിലുണ്ട് എന്നതാണ്. അതില്‍ ചിലത് കണ്ടുപിടിച്ച് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ അതിനനുസരിച്ച് പുതിയ അക്കൗണ്ടുകള്‍ കൂടി വരുകയും ചെയ്യുന്നുണ്ട്.
അതേസമയം ഉണ്ണി മുകുന്ദന്റെ പേരില്‍ ഉണ്ടായിരുന്നത് മൂവായിരത്തിലധികം വ്യാജ അക്കൗണ്ടുകളായിരുന്നു. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നതാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നത്. പണം തട്ടിപ്പിനും മറ്റുമായി പലരും ഈ അക്കൗണ്ടും ഉപയോഗിച്ചിരുന്നു. അങ്ങനെ ഇത്തരം അക്കൗണ്ടുകള്‍ കണ്ടുപിടിച്ച് ഉണ്ണി ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഓരോന്ന് ഡിലീറ്റ് ചെയ്യുമ്പോഴും ഓരോ അക്കൗണ്ടുകള്‍ വീതെ വര്‍ധിക്കുകയും ചെയ്യുന്നു. നടന് ഫഹദ് ഫാസിലിന്റെ പേരില്‍ പ്രചരിച്ചിരുന്നത് ഫഹദിന്റെ കുട്ടിക്കാലം അഭിനയിക്കാന്‍ പറ്റിയ കുട്ടിയെ ആവശ്യമുണ്ടെന്ന് കാണിച്ചായിരുന്നു. അതിന് വേണ്ടി ഫഹദിന്റെ ചെറുപ്പത്തിലെ ചിത്രവും ഉപയോഗപ്പെടുത്തിയിരുന്നു. ഇതെല്ലാം ഇന്ന് സംഭവിച്ചതല്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നതാണ്. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ പലതും ഇപ്പോഴാണ് സമൂഹത്തിന് മുമ്പില്‍ എത്തിപ്പെടുന്നത് എന്നേയുള്ളു.
ഇതെല്ലാം ഇന്ന് സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ പ്രധാന ഉദാഹരണങ്ങളാണ്. വിവിധ മേഖലകളില്‍ ഉദ്യോഗസ്ഥരാണെന്നു നടിച്ച് ഫെയ്സ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ആരൊക്കെയോ നൂറുകണക്കിനു യുവതികളെയും പെണ്‍കുട്ടികളെയും കബളിപ്പിക്കുന്ന ഇത്തരം വലിയ സംഘങ്ങള്‍ ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി നിരന്തര പരാതികളെത്തുടര്‍ന്ന് അനേകം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തതായി ഫെയ്സ്ബുക്ക് അധികൃതര്‍ അറിയിക്കുന്നു. പക്ഷേ തട്ടിപ്പ് ഇപ്പോഴും നിര്‍ബാധം തുടരുന്നു എന്നതാണ് പലരുടെയും അനുഭവങ്ങള്‍ തെളിയിക്കുന്നത്. നൈജീരിയയിലും മറ്റ് ആഫിക്കന്‍ രാജ്യങ്ങളില്‍നിന്നും സ്മാര്‍ട്ഫോണുകളിലൂടെയാണ് തട്ടിപ്പുവീരന്മാര് വിലസുന്നത്. ഒരേസമയം പല ഇരകളെ ഇവര്‍ വലവീശിപ്പിടിക്കുന്നു. ഇതില്‍ ഞെട്ടിക്കുന്ന വസ്തുത എന്തെന്നാല്‍ 15 വയസ്സുമുതല്‍ ഇത്തരം പ്രവൃത്തികള്‍ ദയാദാക്ഷിണ്യമില്ലാതെ തുടരുന്നു എന്നതാണ്.