സമൂഹ മാധ്യമങ്ങളിലെ തട്ടിപ്പ് തുടര്‍ക്കഥയാകുന്നു; ജാഗ്രത നിര്‍ദേശങ്ങളുമായി പോലീസ്

തിരുവനന്തപുരം: ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ തട്ടിപ്പുകാര്‍ സജീവം. പുതിയ തന്ത്രവുമായി രംഗത്തെത്തിയ തട്ടുപ്പുകാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയുടേതിനു സമാനമായ കൃത്രിമ വെബ്‌സൈറ്റ് സൃഷ്ടിക്കുകയാണ് തട്ടിപ്പുകാരുടെ ആദ്യ പരിപാടി.

ഇന്‍ഫ്‌ലൂവന്‍സര്‍മാര്‍ തയ്യാറാക്കുന്ന വീഡിയോയിലെ ഉള്ളടക്കം (Content), സംഗീതം (Music) തുടങ്ങിയവ സോഷ്യല്‍ മീഡിയയിലെ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും മോണിറ്റൈസേഷന്‍ നടപടിക്രമങ്ങള്‍, കോപ്പിറൈറ്റ് നിയമലംഘനം നടത്തി എന്നും ചൂണ്ടിക്കാണിയ്യായിരിക്കും തട്ടിപ്പുകാര്‍ നിങ്ങള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നത്. സമൂഹ മാധ്യമ കമ്പനികളില്‍ നിന്നുള്ള സന്ദേശങ്ങളുടെ മാതൃകയില്‍ ആയിരിക്കും ഇത്. യഥാര്‍ഥ സന്ദേശമാണെന്നു കരുതി ഉപയോക്താക്കള്‍ സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നു. തുടര്‍ന്ന് അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വിവരങ്ങള്‍ നല്‍കുന്നതോടെ യൂസര്‍നെയിം, പാസ് വേഡ് എന്നിവ തട്ടിപ്പുകാര്‍ നേടിയെടുക്കുന്നു. അതുവഴി സോഷ്യല്‍ മീഡിയ ഹാന്റിലുകളുടെ നിയന്ത്രണം അവര്‍ ഏറ്റെടുക്കുകയും ചെയ്യും.

തട്ടിയെടുത്ത അക്കൌണ്ടുകള്‍ വിട്ടുകിട്ടുന്നതിന് അവര്‍ അയച്ചു നല്‍കുന്ന ക്രിപ്‌റ്റോ കറന്‍സി വെബ്‌സൈറ്റുകളില്‍ പണം നിക്ഷേപിക്കാനാണ് നിങ്ങളോട് ആവശ്യപ്പെടുക. മാത്രവുമല്ല, ഇത്തരത്തില്‍ തട്ടിയെടുക്കുന്ന സോഷ്യല്‍മീഡിയ ഹാന്റിലുകള്‍ തിരികെകിട്ടുന്നതിന് വന്‍ തുകയായിരിക്കും ഹാക്കര്‍മാര്‍ ആവശ്യപ്പെടുക.

സമൂഹമാധ്യമങ്ങളില്‍ വ്യക്തിഗതമായി അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ മാത്രമല്ല, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും, സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ക്കും, സിനിമാ താരങ്ങള്‍ക്കും, സെലിബ്രിറ്റികള്‍ക്കുവേണ്ടി സമൂഹ മാധ്യമ അക്കൌണ്ടുകള്‍ കൈകാര്യം ചെയ്യുന്നവരും പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നിങ്ങളുടെ അക്കൌണ്ടിന് ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക:-

1. സോഷ്യല്‍മീഡിയ ഹാന്റിലുകള്‍ക്കും അതിനോട് ബന്ധപ്പെടുത്തിയ ഇ-മെയില്‍ അക്കൌണ്ടിനും മറ്റാര്‍ക്കും പെട്ടെന്ന് ഊഹിച്ചെടുക്കാന്‍ ആവാത്ത തരത്തിലുള്ള പാസ് വേഡ് ഉപയോഗിക്കുക. അവ അടിക്കടി മാറ്റുക. പാസ് വേഡ് എപ്പോഴും ഓര്‍മ്മിച്ചുവെയ്ക്കുക. എവിടെയും എഴുതി സൂക്ഷിക്കാതിരിക്കുക.

2. ജന്മദിനം, വര്‍ഷം, മൊബൈല്‍ ഫോണ്‍ നമ്പര്‍, വാഹനങ്ങളുടെ നമ്പര്‍, കുടുംബാംഗങ്ങളുടെ പേര് മുതലായവയും അവ ഉള്‍പ്പെടുത്തിയും പാസ്സ്വേഡ് നിര്‍മിക്കാതിരിക്കുക.

3. മൊബൈല്‍ഫോണ്‍, ലാപ്‌ടോപ്പ്, കമ്പ്യൂട്ടര്‍ തുടങ്ങിയവ നഷ്ടപ്പെടുമ്പോള്‍ ബാങ്ക് അക്കൌണ്ടുകള്‍ സുരക്ഷിതമാക്കുന്നതുപോലെ, ഇത്തരം ഉപകരണങ്ങളില്‍ ലോഗിന്‍ ചെയ്തിരിക്കുന്ന സമൂഹ മാധ്യമ അക്കൌണ്ടുകളും സുരക്ഷിതമാക്കുക.

4. സമൂഹ മാധ്യമ അക്കൌണ്ടുകള്‍ക്ക് ദ്വിതല സുരക്ഷ (Two Step Verification) സംവിധാനം ഏര്‍പ്പെടുത്താനുള്ള ക്രമീകരണം ഉണ്ടാകും. ഇത് തീര്‍ച്ചയായും ഉപയോഗപ്പെടുത്തുക.

4. സമൂഹമാധ്യമങ്ങളോട് ബന്ധിപ്പിച്ചിട്ടുള്ള ഇ-മെയില്‍, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം ഡയറക്ട് തുടങ്ങിയവയില്‍ വരുന്ന സന്ദേശങ്ങളോടും മൊബൈല്‍ഫോണില്‍ വരുന്ന SMS സന്ദേശങ്ങളോടും സൂക്ഷ്മതയോടെ പ്രതികരിക്കുക. ഒരു കാരണവശാലും ലിങ്കുകളില്‍ ക്ലിക്കു ചെയ്യാന്‍ പാടില്ല.

Top