മുംബൈ: മുംബൈ നഗരത്തെ മാത്രമല്ല ലോകത്താകമാനമുള്ളവരെ അത്ഭുതപ്പെടുത്തുകയാണ് രണ്ട് സഹോദരന്‍മാര്‍ക്ക് കൈവന്ന ഭാഗ്യം.
കാരണം മറ്റൊന്നുമല്ല. അവര്‍ പിടിച്ച ഒരു മീനിന് കിട്ടിയ വില 5.5 ലക്ഷമാണ്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ തീരത്തെ മത്സ്യബന്ധനത്തൊഴിലാളികളായ മഹേഷ്-ഭരത് സഹോദരങ്ങളുടെ വലയില്‍ ഞായറാഴ്ച കുരുങ്ങിയത് അപൂര്‍വ്വയിനത്തില്‍ പെട്ട മീനുകളിലൊന്നായിരുന്നു.
സ്വര്‍ണ ഹൃദയമുള്ള മത്സ്യം എന്ന് വിളിക്കപ്പെടുന്ന 30 കിലോഗ്രാം വരുന്ന ഘോള്‍ മത്സ്യമാണ് ഇവരുടെ വലയില്‍ കുടുങ്ങിയത്. കൈയില്‍ കിട്ടിയത് ഘോള്‍ മീനാണെന്ന് അറിഞ്ഞതോടെ ബോട്ട് കരയിലെത്തുന്നതിന് മുന്‍പ് തന്നെ വാങ്ങാന്‍ കരയില്‍ വ്യാപാരികള്‍ കാവലായിരുന്നു. 20 മിനിറ്റ് നീണ്ട ലേലത്തില്‍ മീന്‍ വിറ്റുപോയപ്പോള്‍ സഹോദരന്മാര്‍ക്ക് ലഭിച്ചത് അഞ്ചര ലക്ഷം രൂപയാണ്.
മഹേഷ് മെഹറും സഹോദരന്‍ ഭരതും അവരുടെ ചെറിയ ബോട്ടില്‍ വെള്ളിയാഴ്ചയാണ് മത്സ്യബന്ധനത്തിന് പോയത്. വീശിയ വലയില്‍ മറ്റ് മീനുകളോടൊപ്പം കുടുങ്ങിയതായിരുന്നു ഘോള്‍ മത്സ്യവും. ‘സ്വര്‍ണഹൃദയമുള്ള മത്സ്യം’ എന്നറിയപ്പെടുന്ന ഈ വിശിഷ്ട മത്സ്യത്തിന്റെ ചര്‍മ്മത്തിലുള്ള ഉന്നതഗുണമുള്ള കൊളാജന്‍ പോഷകാഹാരം, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്നതാണ്. ആഗോള തലത്തില്‍ തന്നെ ഘോള്‍ മത്സ്യത്തിന് ആവശ്യക്കാരേറെയാണ്.