സെഞ്ചുറിക്ക് പിന്നാലെ സൂര്യകുമാറിനെ പുകഴ്ത്തി സോഷ്യല്‍ മീഡിയ

മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവിസ്മരണീയ സെഞ്ചുറിക്ക് പിന്നാലെ സൂര്യകുമാര്‍ യാദവിനെ പുകഴ്ത്തി സോഷ്യല്‍ മീഡിയ. ഗുജറാത്തിനെതിരെ 27 റണ്‍സിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയിരുന്നത്.

മുംബൈ ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ടൈറ്റന്‍സിന്റെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 191ല്‍ റണ്‍സില്‍ അവസാനിച്ചു. സെഞ്ചുറി നേടി ഒരിക്കല്‍ കൂടി സൂര്യകുമാര്‍ യാദവാണ് (49 പന്തില്‍ 103) മുംബൈ ഇന്ത്യന്‍സിന്റെ കരുത്തായത്.

ആറ് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്‌സ്. ഇതോടെ സോഷ്യല്‍ മീഡിയയിലും ആഘോഷം. മുന്‍ ഇന്ത്യന്‍ താരം മുനാഫ് പട്ടേല്‍, വിരേന്ദര്‍ സെവാഗ് തുടങ്ങിയവരെല്ലാം സൂര്യയെ പുകഴ്ത്തി രംഗത്തെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് ആരാധകര്‍ സ്വപ്നം കണ്ട പോലെയൊരു തുടക്കമാണ് ലഭിച്ചത്. മുഹമ്മദ് ഷമിയെയും മോഹിത് ശര്‍മ്മയെയും അനായാസം നേരിട്ട രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങി. എന്നാല്‍, പവര്‍ പ്ലേ അവസാനിച്ച് ടൈം ഔട്ടിന് ശേഷമുള്ള ആദ്യ ഓവറില്‍ രോഹിത് ശര്‍മ്മയെയും ഇഷാന്‍ കിഷനെയും മടക്കി റാഷിദ് ഖാന്‍ മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി നല്‍കി.

രോഹിത് 18 പന്തില്‍ 29 റണ്‍സെടുത്തപ്പോള്‍ ഇഷാന്‍ കിഷന്‍ 20 പന്തില്‍ 31 റണ്‍സെടുത്താണ് മടങ്ങിയത്. പിന്നാലെ സ്റ്റാര്‍ പ്ലെയര്‍ നെഹാല്‍ വധേരയെയും (15) റാഷിദ് ഖാന്‍ തന്നെ പുറത്താക്കി. മുംബൈ തകരുമെന്ന് ഗുജറാത്ത് വിശ്വസിച്ചപ്പോഴാണ് മലയാളി താരം വിഷ്ണു വിനോദും സൂര്യകുമാര്‍ യാദവും ചേര്‍ന്നുള്ള മിന്നുന്ന സഖ്യം വാംഖഡയെ കോരിത്തരിപ്പിച്ചത്. അല്‍സാരി ജോസഫിനെയും മുഹമ്മദ് ഷമിയെയുമെല്ലാം ഇരുവരുടേയും ബാറ്റിന്റെ ചൂടറിഞ്ഞു.

Top