തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ അഭ്യാസപ്രകടനം, അമിതവേഗം, രൂപമാറ്റം എന്നിവ തടയാന്‍ പോലീസും മോട്ടോര്‍വാഹനവകുപ്പും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ 35 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു. ഏഴ് യുവാക്കളുടെപേരില്‍ കേസെടുത്തു. 30 പേരുടെ ലൈസന്‍സ് റദ്ദാക്കും. 3,59,250 രൂപ പിഴ ഈടാക്കി.
സുരക്ഷിതമായി വാഹനമോടിക്കുന്ന ആളുകള്‍, കാല്‍നടയാത്രക്കാര്‍, വാഹനയാത്രക്കാര്‍ എന്നിവരുള്‍പ്പെടെ റോഡിലുള്ള എല്ലാവരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നാണ് മോട്ടോര്‍വാഹന വകുപ്പ് അഭിപ്രായപ്പെടുന്നത്. നിരുത്തരവാദപരമായ റൈഡിങ്ങില്‍ ഏര്‍പ്പെടുന്നവര്‍ അവരുടെ ജീവന്‍ മാത്രമല്ല, സമൂഹത്തിലും തെറ്റായ പ്രവണയാണ് നല്‍കുന്നത്. എല്ലാവര്‍ക്കും സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണെന്നും മോട്ടോര്‍വാഹന വകുപ്പ് പറയുന്നു.
ട്രാഫിക്കിന്റെ ചുമതലയുള്ള ഐ.ജി ജി. സ്പര്‍ജന്‍ കുമാറിന്റെ നിര്‍ദേശപ്രകാരം ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റിസെല്‍ വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ പരിശോധന നടത്തിയാണ് നിയമലംഘകരെ കണ്ടെത്തിയത്. വാഹനരൂപമാറ്റം വരുത്തി ‘സ്റ്റണ്ട്’ നടത്തി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുന്നവരുടെ വിലാസം ശേഖരിച്ചാണ് ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ടിന്റെ മൂന്നാംഘട്ടം നടപ്പാക്കിയത്.