ബിഷപ്പിന് കൊടുത്ത പരിഗണന എന്തുകൊണ്ട് ദിലീപിന് കൊടുത്തില്ല ? മറുപടി നല്‍കണം

രു നിയമം ഒരു നീതി അതല്ലേ നടപ്പാക്കേണ്ടത് ? ഇവിടെ ദിലീപിനെ തിരക്കിട്ട് ജയിലിലടച്ച് ജാമ്യം ലഭിക്കാതിരിക്കാന്‍ വാശി പിടിച്ച ലോക് നാഥ് ബഹ്‌റയുടെ പൊലീസ് തന്നെയാണ് ക്രിമിനല്‍ കേസില്‍ പ്രതിയായ ബിഷപ്പിന് മുന്നില്‍ ‘വണങ്ങി’ നില്‍ക്കുന്നത്.

ദിലീപിനെതിരെ ബലാത്സംഗ ക്വാട്ടേഷനാണ് ആരോപിച്ചതെങ്കില്‍ കന്യാസ്ത്രീയെ നിരവധി തവണ ബലാത്സംഗം ചെയ്ത ഗുരുതര കുറ്റമാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പൊലീസ് ചാര്‍ജജ് ചെയ്തിരിക്കുന്നത്.

നിരവധി കേസില്‍ പ്രതിയായ ഒരു കുറ്റവാളിയുടെ മൊഴി കണക്കിലെടുത്ത് ഒരു പരിഗണനയും നല്‍കാതെയാണ് പ്രമുഖ താരമായ ദിലീപിനെ എ.ഡി.ജി.പി സന്ധ്യയും എസ്.പി ജോര്‍ജും അടക്കമുള്ള ഉന്നത പൊലീസ് സംഘം അറസ്റ്റു ചെയ്തത്. അക്രമിക്കപ്പെട്ട നടി പോലും ആ ഘട്ടത്തില്‍ ദിലീപിനെതിരെ മൊഴി നല്‍കിയിരുന്നില്ലന്ന് ഓര്‍ക്കണം.

സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ശശി തരൂരിനെ പോലും അറസ്റ്റു ചെയ്യാതെ സംശയത്തിന്റെ ‘അനുകൂല്യം’ നല്‍കി ഡല്‍ഹി പൊലീസും അടുത്തയിടെ ‘വിശാല’ മനസ്സ് കാണിക്കുകയുണ്ടായി.

എത് കേസില്‍ ആണെങ്കിലും അറസ്റ്റ് രേഖപ്പെടുത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചന അധികാരമാണ്. സാധാരണക്കാര്‍ക്ക് മുന്നില്‍ മാത്രം പക്ഷേ ചെറിയ കേസുകള്‍ വന്നാല്‍ പോലും വിലങ്ങുകള്‍ ഉയരും. അവരെ ഓടിച്ചിട്ട് അറസ്റ്റു ചെയ്യാന്‍ വല്ലാത്ത ഒരു ജാഗ്രതയാണ് നമ്മുടെ പൊലീസിന്.

Franco mulakkal jalandhar bishop,

പ്രതിയല്ലങ്കിലും പിടിച്ചു കൊണ്ടു പോയി തല്ലിക്കൊല്ലാനും മടിക്കില്ല. വരാപ്പുഴ ശ്രീജിത്ത് കൊലപാതകത്തില്‍ നാം അതു കണ്ടതുമാണ്. ദിലീപിനെ അറസ്റ്റു ചെയ്ത എസ്.പിയുടെ സക്വാഡു തന്നെയാണ് ശ്രീജിത്തിനെയും പിടിച്ചു കൊണ്ടു പോയിരുന്നത്.

നിയമം അതിന്റെ കര്‍ത്തവ്യം ‘മുഖം’ നോക്കാതെ ചെയ്യുമെന്നതാണ് കേരള പൊലീസിന്റെ നയമെങ്കില്‍ നടപടികളില്‍ ഒരിക്കലും പക്ഷപാതിത്വം പാടില്ല.

ബലാത്സംഗ കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റു ചെയ്യാമായിരുന്നു. വേണ്ടത്ര തെളിവു ശേഖരിച്ചിട്ടില്ലന്ന് പൊലീസ് പറയുന്ന വാദവും യുക്തിക്ക് നിരക്കാത്തതാണ്. പീഢിപ്പിക്കപ്പെട്ട സ്ത്രീയുടെ മൊഴി മാത്രം മതിയല്ലോ അകത്താക്കാന്‍ ?

ദിലീപിനെ അറസ്റ്റ് ചെയ്തത് ഏത് ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തിലാണ് എന്നതും പൊലീസ് വ്യക്തമാക്കണം.

ദിലീപ് മാത്രമല്ല ബിഷപ്പും ശശി തരൂരും കുറ്റവാളി ആണെന്ന് കോടതി പറയും വരെ അവര്‍ കുറ്റാരോപിതര്‍ മാത്രമാണ് എന്നു തന്നെയാണ് ഞങ്ങളുടെയും അഭിപ്രായം. ഇതില്‍ ആര് കുറ്റവാളിയെന്ന് കോടതി കണ്ടെത്തിയാലും കടുത്ത ശിക്ഷ തന്നെ വേണം. മാധ്യമ വിചാരണയുടെ അടിസ്ഥാനത്തിലല്ല പൊലീസ് നടപടി സ്വീകരിക്കേണ്ടത്.

Dileep

ഒരു മാധ്യമ സ്ഥാപനത്തിന് . .ഒരു റിപ്പോര്‍ട്ടര്‍ക്ക്. . ആരോടെങ്കിലും ശത്രുത തോന്നിയാല്‍ പോലും മാധ്യമങ്ങളിലൂടെ പക തീര്‍ക്കുന്ന കാലമാണിത്. കേട്ടപാതി കേള്‍ക്കാത്ത പാതി പ്രതികരിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗവും റെഡി ആയിരിക്കുമ്പോള്‍ തോജോ വധം എളുപ്പം നടക്കുകയും ചെയ്യും.

ഒടുവില്‍ കോടതിയില്‍ നിരപരാധിത്വം തെളിയിച്ചാലാകട്ടെ ഈ മാധ്യമങ്ങള്‍ ആ വാര്‍ത്തകളും അപ്രധാനമാക്കി ഒതുക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അന്തി ചര്‍ച്ചക്ക് ചാനലുകള്‍ പോലും തയ്യാറാകുകയുമില്ല.

മാധ്യമ ബിസിനസ്സ് കൊഴുപ്പിക്കാന്‍ വിശ്വാസികളുടെ നെഞ്ചത്ത് പോലും ‘കഠാര’ കുത്തിയിറക്കാന്‍ മടിക്കാത്തവരുടെ ലോകത്ത് മാധ്യമനീതി പ്രതീക്ഷിച്ചിട്ട് കാര്യവുമില്ല.

പ്രമുഖ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് ഇപ്പോഴും ശരിയായ നീതി കിട്ടിയിട്ടില്ലന്നത് കൂടി ഓര്‍ത്തിട്ടു വേണം നമ്മള്‍ ഇത്തരം കേസുകളെ വിലയിരുത്താന്‍.

പൊലീസിനാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം. തോന്നുന്ന പോലെ ‘തരം മാറ്റി’ വ്യത്യസ്ത നിലപാടുകള്‍ ക്രിമിനല്‍ കേസുകളില്‍ സ്വീകരിക്കുന്നത് പൊലീസ് സേനയില്‍ സമൂഹത്തിനുള്ള വിശ്വാസമാണ് ഇല്ലാതാക്കുക.

Team express kerala

Top