ശ്രീനഗർ: സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചയാൾ അറസ്‌റ്റിൽ.ജമ്മുകശ്‌മീരിലാണ് സംഭവം. ശ്രീനഗറിലെ ഛത്തബൽ സ്വദേശിയായ സമിയുള്ള ക്ലാരു എന്നയാളാണ് അറസ്‌റ്റിലായത്.
ജൂൺ 16 ന് നൗഗാമിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടയാൾക്ക് പങ്കുണ്ടെന്ന തെറ്റായ വിവരം പ്രചരിപ്പിച്ചതിനാണ് ഇയാൾ അറസ്‌റ്റിലായത്. ഈ ഏറ്റുമുട്ടലിൽ ഒരു ലഷ്‌കർ-ഇ-തോയിബ തീവ്രവാദി കൊല്ലപ്പെട്ടിരുന്നു.
ഫെയ്സ്‌ബുക്കിൽ ഉർവ ആൻഡ്രാവി, ട്വിറ്ററിൽ സന നാസ്‌കി എന്നീ പേരുകളിൽ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് പ്രതി ശ്രീനഗറിലെ ഒരു മെഡിക്കൽ ഷോപ്പ് ഉടമയെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചത്.എന്നാൽ അന്വേഷണത്തിൽ ആരോപണ വിധേയനായ വ്യക്തിക്ക് തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കില്ലെന്ന് കണ്ടെത്തി. സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ ഉൾക്കൊള്ളുന്ന നിരവധി പോസ്‌റ്റുകളാണ് സാമിയുള്ള ക്ലാരു പ്രചരിപ്പിച്ചത്.