ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് നാളെ; പ്രതീക്ഷയോടെ രാജ്യം

ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് നാളെ വൈകിട്ട് 6.04ന് നടക്കും. വൈകിട്ട് 5.30 മുതല്‍ 8 മണി വരെയെന്ന സമയമാണ് ആദ്യ ഘട്ടത്തില്‍ ഐഎസ്ആര്‍ഒ അറിയിച്ചിരുന്നതെങ്കിലും പിന്നീട് 6.04 എന്ന കൃത്യമായ സമയം അറിയിക്കുകയായിരുന്നു. ഏറ്റവും ഒടുവിലത്തെ ചന്ദ്രന്റെ ഉപരിതലത്തിലുള്ള ഭ്രമണപഥം താഴ്ത്തലും കഴിഞ്ഞ് 25 കിലോമീറ്റര്‍ അകലത്തില്‍ മാത്രമാണ് ലാല്‍ഡന്‍ നില്‍ക്കുന്നത്.

ചന്ദ്രയാന്‍ 2ലെ ചെറിയ പിശകുകളും വെലോസിറ്റിയിലെ പ്രശ്‌നങ്ങളും ഒക്കെ പരിഹരിച്ചാണ് ഇത്തവണത്തെ ഐഎസ്ആര്‍ഒയുടെ നീക്കം. സോഫ്റ്റ് ലാന്‍ഡിംഗിന് ശേഷം ചന്ദ്രയാന്‍ പേടകം വഹിച്ചുകൊണ്ടുള്ള റോവര്‍ ചന്ദ്രന്റെ ഉപരി തലത്തില്‍ ഇറങ്ങും. അതിന് ശേഷം 14 ദിവസമാണ് പഠനം നടത്തുക.

ലാന്‍ഡിങ്ങിനായി നിശ്ചയിച്ചിരിക്കുന്നത് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശമാണ്. ചന്ദ്രയാന്‍ രണ്ടില്‍ നിശ്ചയിച്ചിരുന്നത് 500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ലാന്‍ഡിങ് ഏരിയ മാത്രമാണ്. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 3, 22-ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളിലായാണ് ഭ്രമണപഥം താഴ്ത്തിയത്. ബെംഗളുരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക് ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്.

ജൂലൈ 14നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ചന്ദ്രയാന്‍ കുതിച്ചത്. 2019 ല്‍ ചന്ദ്രയാന്‍ 2 ദൗത്യം സോഫ്റ്റ് ലാന്‍ഡിംഗ് സമയത്ത് വെല്ലുവിളികള്‍ നേരിട്ടതിന് ശേഷമുള്ള ഐ എസ് ആര്‍ ഒയുടെ രണ്ടാമത്തെ ശ്രമമാണിത്. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഒരിക്കല്‍ കൂടെ പരിശോധിച്ചതിന് ശേഷമാണ് കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. 2019ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയെങ്കിലും റോവറില്‍ നിന്ന് ലാന്‍ഡര്‍ വിട്ടുമാറുന്ന സമയത്ത് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. ചാന്ദ്ര രഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണിത്.

Top