പകര്‍പ്പ് തടയാന്‍ സോഫ്റ്റ്വെയര്‍; 3.5 കോടിയുടെ പദ്ധതിയുമായി സാങ്കേതിക സര്‍വകലാശാല

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി മൂന്നരക്കോടി രൂപ മുതല്‍ മുടക്കി ഓണ്‍ലൈന്‍ ജേര്‍ണലുകളും പ്രബന്ധരചനകളിലെ പകര്‍പ്പ് തടയാന്‍ സോഫ്റ്റ് വേയറുകളും വാങ്ങുവാന്‍ സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. എല്‍സെവിയര്‍, നിംബസ്, ടേണിറ്റിന്‍ എന്നീ സോഫ്റ്റ് വേയറുകളാണ് സര്‍വകലാശാല കോളേജുകള്‍ക്കായി വാങ്ങുന്നത്. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും ബിഗ് ഡാറ്റാ വിശകലത്തിനുമായി ക്ലൗഡ് കമ്പ്യൂട്ടിങ് സംവിധാനം ഏര്‍പ്പെടുത്തും.

സംസ്ഥാനത്ത് പുതിയ രണ്ട് എന്‍ജിനീയറിങ് കോളേജുകള്‍ക്ക് അനുമതി നല്‍കാനും യോഗത്തില്‍ തീരുമാനമായി. മലപ്പുറത്ത് ആരംഭിക്കുന്ന കെഎംസിടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റില്‍ നാല് ബിടെക് കോഴ്സുകളും എംബിഎ, എംസിഎ കോഴ്സുകളും അനുവദിച്ചിട്ടുണ്ട്. 360 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. കോട്ടയത്ത് ആരംഭിക്കുന്ന ഗ്രിഗോറിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ അഞ്ച് ബി ടെക് കോഴ്സുകള്‍ക്കും കൂടി 360 സീറ്റ് അനുവദിച്ചു.

സര്‍വകലാശാലയില്‍ നിന്ന് ഗവേഷണം, ബിരുദാനന്തര ബിരുദം എന്നിവ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ ബിരുദദാനചടങ്ങ് സംഘടിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാനും സിന്‍ഡിക്കേറ്റ് തീരുമാനമായി. ബി. ടെക് വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം ഗ്രേഡ് കാര്‍ഡുകള്‍ ശതമാനത്തിലേക്ക് മാറ്റിയുള്ള മാര്‍ക്ക് ലിസ്റ്റ് നല്‍കും. കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.

Top