കാരൻസ് മൂന്നുവരി യൂട്ടിലിറ്റി വാഹനം തിരിച്ചുവിളിച്ച് കിയ. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ മോഡലായ കാരൻസിന്റെ 30,000 ല്‍ അധികം യൂണിറ്റുകളെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുന്നതിനായിട്ടാണ് കമ്പനി തിരിച്ചുവിളിച്ചത്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെ തകരാർ മൂലമാണ് ഈ തിരിച്ചുവിളി എന്ന് കാര്‍ വെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ലസ്റ്റർ ബൂട്ടിംഗ് പ്രക്രിയയിൽ എന്തെങ്കിലും പിശക് പരിശോധിക്കുന്നതിനാണ് തിരിച്ചുവിളിക്കൽ കാമ്പെയിൻ ആരംഭിച്ചതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
മൊത്തം 30,297 യൂണിറ്റ് കാരെൻസ് തിരിച്ചുവിളിച്ചു എന്നാണ് കമ്പനി പറയുന്നത്. തിരിച്ചുവിളിച്ച യൂണിറ്റുകൾ 2022 സെപ്റ്റംബറിനും 2023 ഫെബ്രുവരിക്കും ഇടയിൽ നിർമ്മിച്ചതാണ്. ബ്രാൻഡിന്റെ ഗ്ലോബൽ സ്റ്റാൻഡേർഡ് അനുസരിച്ച് പതിവ് പരിശോധനകള്‍ക്കൊപ്പം കർശനമായ പരിശോധനകളും നടത്തുന്നുണ്ടെന്ന് പുതിയ തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ചുകൊണ്ട് കാർ നിർമ്മാതാവ് പറഞ്ഞു. തകരാര്‍ ഉണ്ടെന്ന് സംശയിക്കുന്ന യൂണിറ്റുകൾ പരിശോധിച്ച് ആവശ്യമെങ്കിൽ, ബാധിച്ച എല്ലാ ഉപഭോക്താക്കൾക്കും ഒരു സൗജന്യ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് നൽകും എന്നും കമ്പനി പറയുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അവതരിപ്പിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് കിയ കാരൻസ് എംപിവി തിരിച്ചുവിളിക്കുന്നത്. പുതിയ OBD2 കംപ്ലയിന്റ് BS6 ഫേസ് 2 എഞ്ചിനുകളുള്ള മൂന്ന് നിര വാഹനം അടുത്തിടെ കിയ അപ്‌ഡേറ്റ് ചെയ്‍തിരുന്നു. എത്തി ഏകദേശം മൂന്ന് മാസത്തിന് ശേഷം കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് കിയ അവസാനമായി കാരൻസിനെ തിരിച്ചുവിളിച്ചത്. സോഫ്‌റ്റ്‌വെയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം മൂന്ന് നിരകളുള്ള എംപിവിയുടെ 4,000-ത്തിലധികം യൂണിറ്റുകൾ കഴിഞ്ഞ വർഷം തിരിച്ചുവിളിച്ചിരുന്നു.
ഈ വർഷം മാർച്ചിലാണ് കിയ ഇപ്പോൾ E20 ഇന്ധനത്തിന് തയ്യാറായ, പരിഷ്കരിച്ച പെട്രോൾ എഞ്ചിനുകളുള്ള കാരൻസിനെ അപ്ഡേറ്റ് ചെയ്‍തത്. 1.4 ലിറ്റർ ടി-ജിഡിഐ മോട്ടോറിന് പകരം പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിലാണ് മൂന്ന് വരി യൂട്ടിലിറ്റി വാഹനം ഇപ്പോൾ എത്തുന്നത്. 7-സ്പീഡ് DCT ഗിയർബോക്സിനൊപ്പം 6-സ്പീഡ് iMT ഗിയർബോക്സും കാർ നിർമ്മാതാവ് കാരൻസിൽ അവതരിപ്പിച്ചിട്ടുണ്ട് . 2023 സെൽറ്റോസിന് കരുത്തേകുന്ന പുതുക്കിയ 1.5 ലിറ്റർ ഡീസൽ എഞ്ചിനും കിയ ചേർത്തിട്ടുണ്ട് . എഞ്ചിന് ഇപ്പോൾ പരമാവധി 114 bhp കരുത്ത് പകരാൻ കഴിയും. കിയയിൽ നിന്ന് ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നാണ് കാരൻസ്. മെയ് മാസത്തിൽ കിയ രാജ്യത്തുടനീളം 4,612 യൂണിറ്റ് കാരൻസ് വിറ്റു എന്നാണ് കണക്കുകള്‍.