മലപ്പുറം: കേരളത്തിന്റെ മണ്ണ് വർഗീയവാദികൾക്ക് വിട്ടുകൊടുക്കരുതെന്നും ജാഗ്രതയോടെ ഒറ്റക്കെട്ടായി നിൽക്കണമെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.
ആലപ്പുഴയിലേയും പാലക്കാട്ടേയും സംഭവങ്ങൾ വിരൽചൂണ്ടുന്ന ഒരു വസ്തുതയുണ്ട്. ഇത്തരം രാഷ്ട്രീയം കളിക്കുന്ന ആളുകൾക്ക് ചേർന്ന മണ്ണല്ല കേരളം. ഇതിനേക്കാൾ വലിയ വൈകാരിക അന്തരീക്ഷം ഉണ്ടായിരുന്ന കാലത്തുപോലും ഇത്തരം രാഷ്ട്രീയം കളിക്കാൻ ഈ പാർട്ടികൾക്കൊന്നും കേരളത്തിൽ കഴിഞ്ഞിട്ടില്ല.
കേരളത്തിന്റെ മണ്ണ് ഇത്തരക്കാർക്ക് വിട്ടുകൊടുത്തൽ എന്തുണ്ടാകുമെന്നതിന്റെ ഉദാഹരമാണ് ഇപ്പോൾ കാണുന്നത്. വ്യത്യസ്ത സമുദായത്തിന്റെ വികാരം മുതലെടുക്കുന്നതിനും ന്യൂനപക്ഷങ്ങൾക്കിടയിൽ ഇടംകിട്ടാനും വേണ്ടി കളിക്കുന്ന രാഷ്ട്രീയമാണിത്. ഇവർക്ക് ഇവിടെ ഒരു പ്രസക്തിയുമില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും വോട്ട് കിട്ടാനുള്ള വകയില്ലാത്തവരാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ സ്വാധീനം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിനെതിരെ ഒറ്റക്കെട്ടായി നിൽക്കണം. ഒരു വശത്ത് സർക്കാർ നല്ല ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
പാലക്കാട് സംഭവത്തിൽ പോലീസ് ഇന്റലിജൻസിന് കൊലപാതകം തടയാൻ സാധിക്കണമായിരുന്നു. കേരളത്തിന്റെ മണ്ണ് ഇവർക്ക് വിട്ടുകൊടുക്കാതിരിക്കാൻ നമ്മൾ ഉണർന്ന് പ്രവർത്തിക്കണം. മുസ്ലിംലീഗ് ഇതിനായി പ്രചാരണം നടത്തുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.