തിരുവനന്തപുരം: സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി പ്രവര്‍ത്തക സമിതി അംഗവുമായ എ.കെആന്റണി രംഗത്ത്.
ക്രിമിനല്‍ കേസിലെ പ്രതിയായ ഒരാള്‍ ഉന്നയിച്ച ആരോപണം ഏറ്റെടുത്ത പ്രതിപക്ഷത്തോട് സഹതാപമാണുള്ളതെന്ന് ആന്റണി പറഞ്ഞു. കേസിലെ പ്രതിയുടെ വാക്കുകളെ ആ നിലയ്ക്ക് മാത്രമെ ജനങ്ങള്‍ കാണുകയുള്ളൂവെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആന്റണി പറഞ്ഞു, സോളാര്‍ കേസിലെ മറ്റൊരു പ്രതി സരിത എസ്.നായരെ മുഖ്യമന്ത്രി ലൈംഗികമായി ഉപയോഗിച്ചു എന്നായിരുന്നു ബിജുവിന്റെ ആരോപണം. കേസിലെ പ്രതിയുടെ വാക്കുകള്‍ ഏറ്റുപിടിക്കുന്ന മാദ്ധ്യമങ്ങള്‍ ഗൃഹപാഠം ചെയ്യണമെന്നും ആന്റണി പറഞ്ഞു.
എസ്എന്‍ഡിപി യോഗം സ്ഥാപിച്ച പുതിയ പാര്‍ട്ടി യുഡിഎഫിന് ഒരിക്കലും ഭീഷണി അല്ലെന്നും ആന്റണി പറഞ്ഞു. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമം ഒരിക്കലും വിജയിക്കില്ല. ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ് വെള്ളാപ്പള്ളിയുടെ പുതിയ പാര്‍ട്ടി. അമിത ആത്മവിശ്വാസമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടി ആയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.