തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട ലൈംഗിക പീഡന ആരോപണത്തില്‍ ഇരയായ സ്ത്രീയുടെ പേര് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിനെതിരെ കേസെടുക്കണമെന്ന് പരാതി.
തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയേല്‍ തിരുവനന്തപുരം, സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് മുമ്പാകെയാണ് പരാതി നല്‍കിയിരിക്കുന്നത്.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് ഇരയായ സ്ത്രീയുടെ പേര് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.
സംരംഭകയായ സ്ത്രീയെ ഉന്നതര്‍ ലൈംഗികമായി ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും, സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തിട്ടുണ്ടെന്നും, ഇത് പ്രകാരം ബലാത്സംഗ കുറ്റങ്ങള്‍ അടക്കം ചുമത്താമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടെന്നും, സരിതയുടെ കത്തില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചവരുടെ പേരുകള്‍ പറയുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.
കൂടാതെ, കത്തില്‍ പറയുന്നവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുത്ത് അന്വേഷണം നടത്താമെന്നും, ഈ നിര്‍ദേശ പ്രകാരം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുക എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.