തിരുവനന്തപുരം: സോളാർ ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എംഎൽഎ ഹോസ്റ്റലിൽ സിബിഐ പരിശോധന. കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ എംഎൽഎ ആയിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന മുറിയിലാണ് സിബിഐ പരിശോധന നടത്തുന്നത്. നിള ബ്ലോക്കിലെ 34-ാം നമ്പർ മുറിയിലാണ് പരിശോധന. എംഎൽഎ ഹോസ്റ്റലിലെ മുറിയിൽ വച്ച് ഹൈബി ഈഡൻ പീഡിപ്പിച്ചു എന്നതാണ് പരാതിയിൽ പറയുന്നത്.
2021 ജനുവരിയിലാണ് കേസ് സിബിഐയ്ക്ക് വിട്ടത്. പ്രാഥമികാന്വേഷണത്തിനും നിയമോപദേശത്തിനും ശേഷം ആഗസ്റ്റിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, എ പി അനിൽകുമാർ, ഹൈബി ഈഡൻ, ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളകുട്ടി എന്നിവർക്കെതിരെയാണ് എഫ്‌ഐആർ സമർപ്പിച്ചത്.
ലൈംഗിക പീഡനം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ വകുപ്പുകൾ ചുമത്തി ആറ് എഫ്‌ഐആറാണുള്ളത്. ലൈംഗികാതിക്രമം, വഞ്ചന, കുറ്റകൃത്യങ്ങളിൽ പങ്കാളിയാകൽ എന്നിവയാണ് ഉമ്മൻചാണ്ടിക്കെതിരെയുള്ള കുറ്റം. മറ്റുള്ളവർക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും അടൂർ പ്രകാശ് ഒഴികെയുള്ളവരുടെയെല്ലാം പേരിൽ ലൈംഗിക പീഡനത്തിനും കുറ്റം ചുമത്തി. ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി പിറകെ നടന്ന് ശല്യം ചെയ്തതിന് അടൂർ പ്രകാശിനും അബ്ദുള്ളക്കുട്ടിക്കും എതിരെ കുറ്റവുമുണ്ട്. വധഭീഷണി മുഴക്കിയെന്നതും അബ്ദുള്ളക്കുട്ടിക്കെതിരെയുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് പരാതിക്കാരിയുടെ അപേക്ഷയിലാണ് സർക്കാർ സിബിഐക്ക് വിട്ടത്.