കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഊര്‍ജ മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരായ തൃശൂര്‍ വിജിലന്‍സ് കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടുമാസത്തേക്കാണ് സ്‌റ്റേ.
നടപടിക്രമങ്ങള്‍ പാലിക്കാതെ കേസെടുക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി.
സോളാര്‍ കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉമ്മന്‍ചാണ്ടിക്കും ആര്യാടനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് ഇരുവരുടെയും രാജി ആവശ്യപ്പെട്ട് ഇടതു യുവജന സംഘടനകള്‍ തെരുവിലിറങ്ങി പൊലീസിനോട് ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോഴത്തെ കോടതി വിധി താല്‍ക്കാലികമായി മുഖ്യമന്ത്രിക്ക് രക്ഷയാണെങ്കിലും സോളാര്‍ കമ്മീഷന് മുമ്പില്‍ കൂടുതല്‍ ഗുരുതര സ്വഭാവമുള്ള മൊഴി സരിത നല്‍കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രശ്‌നം വീണ്ടും സങ്കീര്‍ണ്ണമാകാനും സാധ്യതയുണ്ട്.
വിജിലന്‍സ് കോടതി വിധിക്കെതിരെ മുഖ്യമന്ത്രിയും ആര്യാടന്‍ മുഹമ്മദും ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത സ്വകാര്യ അപ്പീലിലാണ് നിര്‍ണ്ണായക വിധി വന്നിരിക്കുന്നത്. ഇന്നലെ വൈകുന്നേരം കൊച്ചിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലായിരുന്നു അപ്പീല്‍ നല്‍കാനുള്ള തീരുമാനമുണ്ടായത്.
കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്നും വ്യക്തിപരമായ അപ്പീലാണ് ഹൈക്കോടതിയില്‍ നല്‍കുകയെന്നും യോഗത്തിനു ശേഷം ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളെ അറിയിച്ചിരുന്നു.
ബാര്‍ കോഴക്കേസില്‍ ബാബുവിനു വേണ്ടി സര്‍ക്കാര്‍ അപ്പീലിനു പോയപ്പോഴേറ്റ തിരിച്ചടിയും ബാബു വ്യക്തിപരമായി നല്‍കിയ അപ്പീലില്‍ ഹൈക്കോടതിയില്‍ നിന്ന് രണ്ട് മാസത്തെ സ്റ്റേ ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു തീരുമാനം.
ഉമ്മന്‍ ചാണ്ടിയും ആര്യാടനും വെവ്വേറ അപ്പീലുകളാണ് നല്‍കിയിരുന്നത്. കേസില്‍ സര്‍ക്കാര്‍ അപ്പീലിനു പോവില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.
കേസില്‍ വിജിലന്‍സ് കക്ഷിയല്ലാത്തതുകൊണ്ട് അപ്പീല്‍ നല്‍കുന്നതിലെ നിയമ തടസം കണക്കിലെടുത്തായിരുന്നു ഇത്.