തിരുവനന്തപുരം: സോളാര്‍ കേസ് മുഖ്യപ്രതി സരിത എസ് നായരെ താന്‍ അറിയില്ലെന്നും ഒരിയ്ക്കല്‍ പോലും അവരെ നേരിട്ട് കണ്ടിട്ടില്ലെന്നും വ്യവസായിയും കേരള കോണ്‍ഗ്രസ് നേതാവുമായ എബ്രഹാം കലമണ്ണില്‍.
സരിത തനിയ്ക്ക് സഹായമൊന്നും ചെയ്തിട്ടില്ലെന്നും കലമണ്ണില്‍ സോളാര്‍ കമ്മീഷനു മുമ്പാകെ മൊഴി നല്‍കി. തന്റെ മെഡിക്കല്‍ കോളേജില്‍ ഒരു എന്‍.ആര്‍.ഐ സീറ്റ് ആവശ്യപ്പെട്ട് അവരുടെ സഹായി തന്നെ വന്ന് കണ്ടിരുന്നു. സോളാറുമായി ബന്ധപ്പെട്ട വിഷയമല്ല തങ്ങള്‍ സംസാരിച്ചതെന്നും കലമണ്ണില്‍ പറഞ്ഞു.
സരിതയുടെ സഹായി 50,000 രൂപ വാങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷവും സീറ്റ് സംബന്ധിച്ച ആവശ്യവുമായി സരിതയുടെ സഹായി വന്നിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തനിയ്ക്ക് 30 വര്‍ഷമായി പരിചയമുണ്ടെന്നും കലമണ്ണില്‍ പറഞ്ഞു.
എന്നാല്‍ എബ്രഹാം കലമണ്ണുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ടേപ്പ് സരിത ഹാജരാക്കിയിട്ടുണ്ടെന്നും ഇതിന്റെ ഓഡിയോ കേള്‍പ്പിയ്ക്കണോ എന്നും കലമണ്ണിലിനോട് സോളാര്‍ കമ്മീഷന്‍ ചോദിച്ചു. ഒരു തവണ 50,000 രൂപ വാങ്ങിയ വ്യക്തിയെ വീണ്ടും കണ്ട താങ്കള്‍ മഹാനാണെന്ന് സോളാര്‍ കമ്മീഷന്‍ പരിഹസിച്ചു.
സരിതയുടെ കയ്യിലുള്ള തെളിവുകള്‍ നശിപ്പിയ്ക്കാന്‍ എബ്രഹാം കലമണ്ണില്‍ ആവശ്യപ്പെട്ടിരുന്നതായി സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു. എബ്രഹാം കലമണ്ണിലുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ടേപ്പും സരിത ഹാജരാക്കിയിരുന്നു. തുടര്‍ന്ന് ഹാജരാകാന്‍ കലമണ്ണിലിന് കമ്മീഷന്‍ നോട്ടീസ് അയയ്ക്കുയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് കലമണ്ണില്‍ സരിതയുടെ സഹായി വിനുകുമാറുമായി നേരിട്ട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും സരിത കമ്മീഷന്‍ കൈമാറിയിരുന്നു. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് എബ്രഹാം കലമണ്ണില്‍ സരിതയെ വിളിച്ചതെന്ന് കലമണ്ണില്‍ സമ്മതിച്ചതായും സരിത കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു.