കൊച്ചി: സോളാര്‍ വിവാദത്തില്‍ മുന്‍ റേഞ്ച് ഐജിയും ഇപ്പോള്‍ എഡിജിപിയുമായ പത്മകുമാര്‍ ഇടപെട്ടത് സംബന്ധിച്ച ദുരൂഹത മറനീക്കി പുറത്ത് വരുന്നു.
പെരുമ്പാവൂര്‍ സിഐ വി.റോയിക്ക് സജാദ് നല്‍കിയ പരാതിയില്‍ അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ ഇടപെടണമെന്ന് ഡിവൈഎസ്പി ഹരികൃഷ്ണനോട് ഐജി നിര്‍ദ്ദേശിച്ച കാര്യം തനിക്കറിയില്ലെന്നാണ് അന്ന് റൂറല്‍ എസ്പിയായിരുന്ന സതീഷ് ബിനോ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
സോളാര്‍ കമ്മീഷനില്‍ ലോയേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഡ്വ.ബി രാജേന്ദ്രന്റെ ചോദ്യത്തിന് മറുപടിയായാണ് കേസില്‍ വഴിത്തിരിവുണ്ടാക്കുന്ന നിര്‍ണ്ണായക വിവരം എസ് പി പുറത്ത് വിട്ടത്.
കേസന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ഐജി ഏല്‍പ്പിച്ചതായി ഡിവൈഎസ്പി തന്നോട് ആശയവിനിമയം നടത്തിയിട്ടില്ലെന്നും എസ്പി വ്യക്തമാക്കിയിട്ടുണ്ട്.
പെരുമ്പാവൂര്‍ എസ്‌ഐ സുധീര്‍ മനോഹറും സംഘവും സരിതയെ അറസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരത്ത് പോയതിന് പിന്നാലെ ഡിവൈഎസ്പി ഹരികൃഷ്ണന്‍ പോയ വിവരവും തന്നെ അറിയിച്ചിരുന്നില്ലെന്ന സുപ്രധാന വിവരവും എസ്പി സതീശ് ബിനോ കമ്മീഷന് മുന്നില്‍ ചൂണ്ടിക്കാട്ടി.
റൂറല്‍ എസ്പിയുടെ അധികാരപരിധിയില്‍ പെട്ട പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസില്‍ തന്റെ കീഴിലുള്ള ഡിവൈഎസ്പി എടുത്ത നിലപാടുകള്‍ തന്റെ അനുമതിയോടെയല്ലെന്ന് വ്യക്തമാക്കുന്നതാണ് എസ്പിയുടെ മൊഴി.
സാധാരണഗതിയില്‍ ഏത് കേസന്വേഷണത്തിന്റെ കാര്യത്തിനാണെങ്കിലും ജില്ല വിട്ട് പുറത്ത് പോവണമെങ്കില്‍ എസ്പിയുടെ അനുമതി ആവശ്യമാണ്. ഇവിടെ അത് തേടാതിരുന്നത് അറസ്റ്റ് സംബന്ധിച്ച് മുന്‍പ് ഉയര്‍ന്ന സംശയങ്ങള്‍ക്ക് ബലം വയ്ക്കുന്നതാണ്.
മാത്രമല്ല എസ്പിയെ പോലും അറിയിക്കാതെ ഡിവൈഎസ്പിയും ഐജിയും സോളാര്‍ കേസില്‍ ഇടപെട്ടതും തുടര്‍നടപടികള്‍ സ്വീകരിച്ചതുമെല്ലാം ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന ചോദ്യവും ഇപ്പോള്‍ പ്രസക്തമാവുകയാണ്.
തന്നെ അറസ്റ്റ് ചെയ്യുമ്പോള്‍ പിടിച്ചെടുത്ത ലാപ്‌ടോപ്പുകളിലും മൊബൈല്‍ ഫോണുകളിലും ചിലത് കാണാനില്ലെന്നും അതില്‍ പല ഉന്നതരുടെ ‘രഹസ്യകാര്യങ്ങളു’മുണ്ടെന്നുമുള്ള സരിതയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എസ്പിയുടെ വെളിപ്പെടുത്തല്‍ നിര്‍ണ്ണായകമാവും.
സോളാര്‍ കേസുമായി ബന്ധപ്പെട്ട ഒരു കാര്യവും ഐജിയോ അതിന് മുകളിലുള്ള ഉദ്യോഗസ്ഥരോ തന്നോട് ചോദിച്ചിട്ടില്ലെന്നും എസ്പി കമ്മീഷനില്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.
അതായത് എസ്പിയുടെ അധികാരപരിധിയില്‍ രജിസ്റ്റര്‍ ചെയ്ത…, അതേ എസ്പിയുടെ കീഴിലെ ഉദ്യോഗസ്ഥര്‍ അന്വേഷിച്ച കേസില്‍ എസ്പിയെ തന്നെ നോക്കുകുത്തിയാക്കിയെന്ന് വ്യക്തമാക്കുന്ന മൊഴി.