കൊച്ചി: സോളാര്‍ കേസില്‍ ടെനി ജോപ്പനെ വീട്ടില്‍ എത്തി വിസ്തരിക്കാമെന്ന് സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ശിവരാജന്‍. സര്‍ക്കാര്‍. സോളര്‍ കമ്മിഷനു നീട്ടിക്കിട്ടിയ കാലാവധി അവസാനിക്കുന്ന ഏപ്രില്‍ 27നു മുന്‍പു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു ചര്‍ച്ച ചെയ്യാന്‍ കക്ഷികളെ ഉള്‍പ്പെടുത്തി കമ്മിഷന്‍ നടത്തിയ സിറ്റിങ്ങിലയിരുന്നു കമ്മീഷന്റെ പരാമര്‍ശം.
തന്റെ കക്ഷിയെ കമ്മിഷന്‍ അധിക്ഷേപിക്കുകയാണെന്നു സിറ്റിങ്ങില്‍ ആരോപിച്ച ടെനി ജോപ്പന്റെ അഭിഭാഷക സോണിയയെ കമ്മിഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. ടെനി ജോപ്പന് ഒരുവട്ടം തീയതി നീട്ടി നല്‍കിയിരുന്നു. പനി പിടിപെട്ട് ആശുപത്രിയിലാണെന്ന് അഭിഭാഷക അറിയിച്ചതിനാലാണ് നീട്ടിനല്‍കിയത്. ഇന്നലെ സിറ്റിങ്ങില്‍, ടെനി ജോപ്പന് ഇനി എന്നു ഹാജരാകാന്‍ കഴിയുമെന്നു കമ്മിഷന്‍ ചോദിച്ചു.
ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ഡോക്ടര്‍ രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്ന് അഡ്വ. സോണിയ പറഞ്ഞു. എങ്കില്‍ അടുത്ത ദിവസം തന്നെ ടെനി ജോപ്പനെ വീട്ടിലെത്തി വിസ്തരിക്കാമെന്നും അതിനു കമ്മിഷന് അധികാരമുണ്ടെന്നും ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു. വേണമെങ്കില്‍ രോഗിയെ ഒന്നു തടവുകയും ചെയ്യാം എന്ന കമ്മിഷന്റെ അനുബന്ധ പരാമര്‍ശമാണ് അഭിഭാഷകയെ ചൊടിപ്പിച്ചത്.
ടെനി ജോപ്പനെ വീട്ടിലെത്തി വിസ്തരിക്കുമെന്നു കമ്മിഷന്‍ വീണ്ടും സ്വരം കടുപ്പിച്ചതോടെ 23ന് ടെനി ജോപ്പനെ ഹാജരാക്കാമെന്ന് ഉറപ്പു നല്‍കിയ അഭിഭാഷക, കമ്മിഷനെതിരെ താന്‍ നടത്തിയ പരാമര്‍ശത്തില്‍ മാപ്പപേക്ഷിക്കുകയും ചെയ്തു.
തന്റെ കക്ഷിയെ കമ്മിഷന്‍ അധിക്ഷേപിക്കുകയാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, കമ്മിഷന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും എത്രയും വേഗം അന്വേഷണം അവസാനിപ്പിക്കാന്‍ ആലോചിക്കുമ്പോള്‍, സാക്ഷികള്‍ ഇങ്ങനെ ഒഴികഴിവ് പറയുന്നതു ശരിയല്ലെന്നും ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു.
അതേസമയം, ജുഡീഷ്യല്‍ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് കഴിയുന്നത്ര വേഗം സമര്‍പ്പിക്കണമെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ റോഷന്‍ ഡി. അലക്‌സാണ്ടര്‍ കമ്മീഷനോട് ആവശ്യപ്പെട്ടു.
അന്വേഷണം സമയമെടുത്തു പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും തല്‍കാലം ഇടക്കാല ഉത്തരവിറക്കണമെന്നും ചില കക്ഷികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, സര്‍ക്കാരിനു വേണ്ടത് അന്തിമ റിപ്പോര്‍ട്ടാണെന്നും ഇടക്കാല റിപ്പോര്‍ട്ടിന്റെ കാര്യം കമ്മിഷനു തീരുമാനിക്കാമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഇതുസംബന്ധിച്ചു വിശദമായ ഉത്തരവ് നാളെ നല്‍കുമെന്നു ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ വ്യക്തമാക്കി.