തൃശൂര്‍: സോളാര്‍ ഇടപാടു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ നല്‍കിയ പരാതിക്കു പിന്നില്‍ ഗൂഢാലോചന നടന്നതായി ആരോപിച്ചുള്ള ഹര്‍ജി തള്ളി.
അഡ്വ. എ.എസ്. ശ്യാംകുമാര്‍ നല്‍കിയ ഹര്‍ജിയാണ് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളിയത്. കേസ് പരിഗണിച്ച തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ്. വാസന്‍, കേസ് വിജിലന്‍സ് കോടതിയില്‍ നിലനില്‍ക്കില്ലെന്നും ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും നിരീക്ഷിച്ചു.
മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരേ ഹര്‍ജി നല്‍കാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍, സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍, വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയ പൊതുതാല്‍പര്യ വ്യവഹാരി പി.ഡി. ജോസഫ് എന്നിവര്‍ ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം.
സോളാര്‍ കമ്മീഷനു മുമ്പാകെ സരിത നല്‍കിയ മൊഴി പത്രവാര്‍ത്തയായതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും എതിരേ പി.ഡി. ജോസഫാണു തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കേസ് പരിഗണിച്ച കോടതി കഴിഞ്ഞ മാസം 28 ന് ഇരുവര്‍ക്കുമെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ വിജലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇതിനു പിന്നാലെയാണ് ഗൂഢാലോചന ആരോപിച്ചുള്ള ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടത്.