തിരുവനന്തപുരം: സോളാര്‍ കേസില്‍ പ്രതി സരിത എസ്. നായര്‍ സോളാര്‍ കമ്മീഷനു മുമ്പാകെ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി.
ഹര്‍ജി മെയ് 24ലേക്ക് മാറ്റിയതായി തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി അറിയിച്ചു. സമാനമായി കേസ് ഹൈക്കോടതിയുടെ പരിഗണയിലുണ്‌ടെന്നും ഹര്‍ജി മാറ്റണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടത് പരിഗണിച്ചായിരുന്നു നടപടി.
മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരെ കേസെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സോളാര്‍ പദ്ധതി നടപ്പിലാക്കാന്‍ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പണം വാങ്ങിയെന്നു സരിത കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു.