തിരുവനന്തപുരം: സാംസ്‌കാരികമായും ധാര്‍മ്മികമായും അഴുക്കു ചാലില്‍ വീണ ഭരണരാഷ്ട്രീയത്തിന്റെ അസഹ്യ ദുര്‍ഗന്ധമാണ് സോളാര്‍ കമീഷന്‍ തെളിവെടുപ്പില്‍ പുറത്തു വരുന്നതെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം തന്റെ പ്രതികരണം കുറിച്ചത്.
‘സാധാരണ മാനസികാവസ്ഥയുള്ളവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും ആകാത്ത കാര്യങ്ങളാണ് അന്വേഷണ കമീഷന് മുമ്പാകെ കേസിലെ പ്രധാന പ്രതി ബിജു രാധാകൃഷ്ണന്‍ നല്‍കിയ മൊഴിയിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍ എത്തുന്നതെന്നും പിണറായി കുറിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ചും രണ്ടു മന്ത്രിമാര്‍ അടക്കമുള്ള ഭരണനേതൃത്വത്തിലെ ഉന്നതരെ കുറിച്ചും സ്‌ഫോടനാത്മകമായ വെളിപ്പെടുത്തല്‍ നടത്തിയ ബിജു രാധാകൃഷ്ണന്റെ ജീവന്‍ അപായപ്പെടുത്താതിരിക്കാന്‍ പ്രത്യേക സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.
(ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ)
സാംസ്‌കാരികമായും ധാര്‍മ്മികമായും അഴുക്കു ചാലില്‍ വീണ ഭരണരാഷ്ട്രീയത്തിന്റെ അസഹ്യ ദുര്‍ഗന്ധമാണ് സോളാര്‍ കമീഷന്‍ തെളിവെടുപ്പില്‍ പുറത്തു വരുന്നത്.
സാധാരണ മാനസികാവസ്ഥയുള്ളവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും ആകാത്ത കാര്യങ്ങളാണ് അന്വേഷണ കമീഷന് മുമ്പാകെ കേസിലെ പ്രധാന പ്രതി ബിജു രാധാകൃഷ്ണന്‍ നല്‍കിയ മൊഴിയിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ചും രണ്ടു മന്ത്രിമാര്‍ അടക്കമുള്ള ഭരണനേതൃത്വത്തിലെ ഉന്നതരെ കുറിച്ചും സ്‌ഫോടനാത്മകമായ വെളിപ്പെടുത്തല്‍ നടത്തിയ ബിജു രാധാകൃഷ്ണന്റെ ജീവന്‍ അപായപ്പെടുത്താതിരിക്കാന്‍ പ്രത്യേക സംരക്ഷണം ഏര്‍പ്പെടുത്തണം.
ബിജു രാധാകൃഷ്ണനെ സ്വാധീനിക്കാനും മൊഴി നല്കുന്നത് തടയാനും പോലീസിലെ ഉന്നതര്‍ വരെ നിരന്തരം ഇടപെട്ടിട്ടുണ്ട്. ജയില്‍ അതിനു വേദി ആയിട്ടുണ്ട്. തെളിവ് നശിപ്പിക്കാന്‍ എന്തും ചെയ്യും എന്നതിന്റെ തെളിവാണത്. അത് തുടരുന്ന സാഹചര്യം ഉണ്ടായിക്കൂടാ.
ഇപ്പോള്‍ പുറത്തു വന്ന വിഷയത്തില്‍ കോണ്ഗ്രസ്സ് ഹൈക്കമാണ്ട് നിലപാട് വ്യക്തമാക്കണം. യു ഡി എഫ് ഘടകകക്ഷി നേതൃത്വങ്ങള്‍ ഇതിനെ എങ്ങനെ കാണുന്നു എന്നറിയാനും ജനങ്ങള്‍ക്ക് താല്പര്യം ഉണ്ട്.