Solar: Chennnithal criticize Solar commission

കോഴിക്കോട്: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെ സി.ഡി കണ്ടെടുക്കുന്നതിനായി കേരളത്തിന് പുറത്തേക്ക് കൊണ്ടുപോയതില്‍ കമ്മീഷനെ വിമര്‍ശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്.

ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ടു പോയപ്പോള്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും കമ്മിഷന് ജാഗ്രതക്കുറവ് ഉണ്ടായെന്നും ചെന്നിത്തല പറഞ്ഞു.

കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിയാണ് ബിജു രാധാകൃഷ്ണന്‍. അങ്ങനെയുള്ള ആളെ അന്യസംസ്ഥാനത്ത് കൊണ്ടുപോവുമ്പോള്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. കമ്മിഷന്‍ അത് പാലിച്ചില്ല. പ്രതിയ്ക്ക് സുരക്ഷ ഒരുക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍, കമ്മിഷന്‍ പൊലീസിനെ അറിയിച്ചില്ല. ബിജു കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നെങ്കില്‍ ആരു സമാധാനം പറയും. പഴി പൊലീസ് കേള്‍ക്കേണ്ടി വന്നേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാത്രയെ കുറിച്ച് പൊലീസിന അറിയിച്ചിട്ടില്ലെന്ന് ഡി.ജി.പിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് ഡി.ജി.പി ഇടപെട്ടാണ് സുരക്ഷ ഒരുക്കിയത്. ഇക്കാര്യത്തില്‍ പൊലീസ് സ്വീകരിച്ച നടപടിയില്‍ തെറ്റില്ലെന്നും തികച്ചും ന്യായമാണെന്നും ചെന്നിത്തല പറഞ്ഞു.

പൊലീസിലെ അച്ചടക്ക ലംഘനം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഡി.ജി.പി ജേക്കബ് തോമസ് അച്ചടക്കം ലംഘിച്ചോയെന്ന കാര്യം പരിശോധിക്കും. ഉദ്യോഗസ്ഥര്‍ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ജേക്കബ് തോമസ് നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Top