തിരുവനന്തപുരം: സോളാര്‍ കമ്മീഷന്റെ സിറ്റിംഗില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിസ്താരം പൂര്‍ത്തിയായി. 14 മണിക്കൂര്‍ നീണ്ടു നിന്ന മൊഴിയെടുക്കല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് അവസാനിച്ചത്.
സോളാര്‍ വിഷയത്തില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല. ആരോപണം ഉന്നയിച്ചവര്‍ക്ക് ഒരു ലാഭവും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ നുണപരിശോധനയ്ക്കു തയാറല്ല. എന്ത് സാഹചര്യത്തിലാണ് നുണപരിശോധന വേണ്ടത്.താന്‍ ഒരു കള്ളവും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി കമ്മീഷനു മുന്നില്‍ മൊഴി നല്‍കി.
‘ജിക്കുമോനെ ചെറുപ്പകാലം മുതലെ അറിയാം. ജിക്കുമോന്റെ കുടുംബവുമായി ബന്ധമുണ്ട്. ജിക്കുമോന്‍ പഠന കാലത്ത് താമസിച്ചിരുന്നത് എംഎല്‍എ ഹോസ്റ്റലിലെ തന്റെ മുറിയിലാണ്. 2005 മുതല്‍ ജിക്കുമോന്‍ പേഴ്‌സണല്‍ സ്റ്റാഫിലെടുത്തു.’ ഉമ്മന്‍ചാണ്ടി പറഞ്ഞു. ജോപ്പനും ജിക്കുമോനും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് കൂടുതലായി കമ്മീഷന്‍ മുഖ്യമന്ത്രിയോട് ആരാഞ്ഞു.
ഗണ്‍മാനായ സലീംരാജ് തന്റെ മണ്ഡലത്തില്‍ പെട്ടയാളാണ്. 2011ല്‍ ആണ് സലിംരാജിനെ ഗണ്‍മാനാക്കിയത്. ദില്ലിയിലെത്തുമ്പോള്‍ പല അവസരങ്ങളിലും തോമസ് കുരുവിളയെ കാണാറുണ്ട്. കോണ്‍ഗ്രസ് പ്രാദേശിക പ്രവര്‍ത്തകനാണ് തോമസ് കുരുവിള. കുരുവിളക്ക് പ്രതിഫലമൊന്നും നല്‍കിയിരുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
തൈക്കാട് ഗസ്റ്റ് ഹൗസിലാണ് മുഖ്യമന്ത്രിയില്‍നിന്നു സോളാര്‍ കമ്മീഷന്‍ മൊഴിയെടുത്തത്. കേരള ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രി ജുഡീഷല്‍ അന്വേഷണ കമ്മീഷനു മുന്നില്‍ തെളിവെടുപ്പിനു ഹാജരാകുന്നത്.