കൊച്ചി ; ആര്‍ക്കും പിടികൊടുക്കാതെ ഹൈക്കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടും കൂസലില്ലാതെ മുന്നോട്ട് പോവുന്ന സോളാര്‍ കമ്മീഷന്റെ നടപടി ചങ്കിടിപ്പിക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളെ.
നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുമെന്ന പ്രതീക്ഷയില്‍ നില്‍ക്കുന്ന പ്രതിപക്ഷം അന്വേഷണ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ‘വിഭവങ്ങള്‍’ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ്.
ബിജു രാധാകൃഷ്ണനെ കോയമ്പത്തൂരിലേക്ക് മതിയായ സുരക്ഷയില്ലാതെ തെളിവെടുപ്പിന് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ നടപടിയെ വിമര്‍ശിച്ച ആഭ്യന്തര മന്ത്രിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം ആഞ്ഞടിച്ചതും ഈ പ്രതീക്ഷയിലാണ്.
ഇനി അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും മറ്റും ക്ലീന്‍ ചിറ്റ് നല്‍കുന്നതാണെങ്കില്‍ കമ്മീഷന്‍ നടപടിയെ ചോദ്യം ചെയ്യാന്‍ പോലും ധാര്‍മ്മികമായി പ്രതിപക്ഷത്തിന് കഴിയില്ല.
ഇത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫും പ്രതിപക്ഷത്തിന്റെ വേട്ടയാടലിന്റെ ഉദാഹരണമായി ഉയര്‍ത്തിക്കാട്ടുന്നതും സോളാര്‍ കേസായിരിക്കും.
മറിച്ചാണ് റിപ്പോര്‍ട്ടെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി എ.പി. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.എല്‍.എ തുടങ്ങിയ നേതാക്കളുടെ രാഷ്ട്രീയ ഭാവിയെയും അത് സാരമായി ബാധിക്കും.
യു.ഡി.എഫ് സര്‍ക്കാര്‍ തന്നെ നിയമിച്ച അന്വേഷണ കമ്മീഷന്‍ സര്‍ക്കാരിലെ ഉന്നതര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയാല്‍ നിമയസഭാ തെരഞ്ഞെടുപ്പ് വിധിയിലും അതിന്റെ പ്രത്യാഘാതമുണ്ടാകും.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നുതന്നെ ആരോപണ വിധേയരായ ജനപ്രതിനിധികള്‍ക്ക് മാറി നില്‍ക്കേണ്ട സാഹചര്യം വരെ ഉണ്ടായേക്കാം.
പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും മുള്‍മുനയില്‍ നിര്‍ത്തുന്ന മൂര്‍ച്ചയുള്ള ‘ഇരുതലവാളായി’ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മാറുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. സോളാര്‍ നായിക സരിതയുടെ മൊഴി രേഖപ്പെടുത്തുന്ന ദിവസം തന്നെ അവരുടെ കുട്ടിയുടെ അച്ഛന്‍ ആരാണെന്ന് ചോദിച്ച് അതിരു വിട്ട ‘നടപടിയിലേക്ക്’ കടന്ന സോളാര്‍ കമ്മീഷന്‍ ഹൈക്കോടതി വിമര്‍ശനം പോലും മുഖവിലക്കെടുക്കാത്ത തരത്തിലാണ് മുന്നോട്ട് പോവുന്നത്.
ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ട് പോയതിനെതിരായ ഹൈക്കോടതി പരാമര്‍ശവും മാധ്യമ പ്രതികരണങ്ങളും അഭിഭാഷകന്‍ കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പുറത്ത് എന്ത് പറയുന്നു എന്നത് താന്‍ കാര്യമാക്കുന്നില്ലെന്നും കമ്മീഷന്‍ മണ്ടനല്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കമ്മീഷന്റെ നിലപാടില്‍ മാറ്റമില്ലെന്ന വ്യക്തമായ സൂചനയാണ് ഈ പ്രതികരണത്തിലൂടെ അദ്ദേഹം നല്‍കിയത്.
അധികാര പരിധിക്കു പുറത്തുള്ള കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന വിമര്‍ശനംപോലും ചെവിക്കൊള്ളാന്‍ തയ്യാറല്ലാത്ത സോളാര്‍ കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് ആരൊയൊക്കെയാണ് ഇനി ചുട്ടുപൊള്ളിക്കുകയെന്നാണ് അറിയാനുള്ളത്.
സരിതയുടെ മൊഴി രേഖപ്പെടുത്തലും വിചാരണയും അവസാനിക്കുന്നതോടെ കമ്മീഷന്റെ അന്വേഷണ പ്രക്രിയയുടെ അവസാന ഘട്ടത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്.
അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ സി.ഡി ഹാജരാക്കുമെന്ന് ബിജു രാധാകൃഷ്ണന്‍ പറയുന്നുണ്ടെങ്കിലും ആരും അത് മുഖവിലക്കെടുത്തിട്ടില്ല.
അതേ സമയം ബിജു രാധാകൃഷ്ണന്‍ പറഞ്ഞപ്രകാരം കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ സോളാര്‍ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സി.ഡി ലഭിക്കാതിരുന്നപ്പോഴും, സി.ഡി കണ്ടെടുക്കപ്പെടാതിരിക്കാന്‍ കാരണം മാധ്യമങ്ങളുടെ അതിരുവിട്ട നടപടിയാണെന്ന് കുറ്റപ്പെടുത്തി സംശയത്തിന്റെ പുകമറ കമ്മീഷന്‍ തന്നെ സൃഷ്ടിച്ചുവെന്ന ആക്ഷേപം ഭരണപക്ഷത്തിനിടയിലുമുണ്ട്.
രാഷ്ട്രീയ കേരളത്തെ ആകാക്ഷയിലാക്കി മുന്നോട്ട് നീങ്ങുന്ന തെളിവെടുപ്പിന്റെ ക്ലൈമാക്‌സ് ആര്‍ക്കൊക്കെയാണ് ‘ട്രാജഡി’ ആവുകയെന്ന് കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തു വരുന്നതോടു കൂടി വ്യക്തമാകും.