സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരായ ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

oommen chandy

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കമ്മീഷന്‍ റിപ്പോര്‍ട്ടും കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത സര്‍ക്കാര്‍ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

സോളാര്‍ കമ്മീഷനെ നിയമിച്ചത് നടപടിക്രമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചാണെന്നും അതിനാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമപരമല്ലെന്നുമാണ് ഉമ്മന്‍ചാണ്ടിക്കു വേണ്ടി ഹാജരായ സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ഉന്നയിച്ചത്. സരിതാ നായരുടെ കത്ത് സംശയാസ്പദമാണെന്നും കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമുള്ള റിപ്പോര്‍ട്ട് തന്റെ അന്തസ് തകര്‍ക്കുന്നതുമാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വാദം.

സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. ഇത് നിയമവിരുദ്ധവും ഹര്‍ജിക്കാരന്റെ മൗലികാവകാശങ്ങളുടെ ലംഘനവുമാണ്. ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍ വെച്ചത് വലിയ മാനഹാനിയുണ്ടാക്കിയെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. കേസില്‍ കക്ഷി ചേരാന്‍ ഹര്‍ജി നല്‍കിയവരുടെ വാദവും കോടതി കേട്ടിരുന്നു.

തനിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്ന മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഹര്‍ജിയിലും കോടതി ഇന്ന് വിധി പറയും.

Top