തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ശിവരാജന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
സോളര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്‍ ഇന്നു മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചേക്കും. പിണറായി വിജയനെ കാണാന്‍ ജസ്റ്റിസ് ശിവരാജന്‍ സമയം ചോദിച്ചിട്ടുണ്ട്.
അതേസമയം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധി നാളെ അവസാനിക്കും സാഹചര്യത്തിലാണ് ജസ്റ്റിസ് ശിവരാജന്‍ തിരുവനന്തപുരത്തേക്ക് പോകുന്നത്.
പിന്നാക്ക കമ്മീഷന്‍ സിറ്റിങ്ങില്‍ പങ്കെടുക്കാനാണ് പോകുന്നതെന്ന് ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു. ‘നോക്കാം ധൈര്യമായിരിക്ക്’ എന്നാണ് അദ്ദേഹം സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിച്ചത്.
രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ സോളര്‍ കേസില്‍ കമ്മിഷന്‍ അന്വേഷണം തുടങ്ങിയിട്ടു നാലു വര്‍ഷമാകുന്നു. സംഭവത്തില്‍ സംസ്ഥാന ഖജനാവിനു നഷ്ടം സംഭവിച്ചിട്ടില്ലെന്നു കണ്ടെത്തിയതായാണ് സൂചനയെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
സോളര്‍ കേസില്‍ 2013 ഓഗസ്റ്റ് 16 നാണു ജുഡീഷ്യല്‍ അന്വേഷണത്തിനു ഉത്തരവിട്ടത്. ഒക്ടോബര്‍ 23 നു ജസ്റ്റിസ് ജി. ശിവരാജനെ കമ്മിഷനായി തീരുമാനിച്ചു. 28ന് അദ്ദേഹം ചുമതല ഏറ്റു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെയാണു കമ്മിഷനെ നിയമിച്ചത്. എന്നാല്‍, പല തവണ കാലാവധി നീട്ടി വാങ്ങിയ കമ്മിഷന്‍ ഇത്തവണ സമയം നീട്ടാന്‍ അപേക്ഷ നല്‍കിയിട്ടില്ല.
കേരള രാഷ്ട്രീയത്തില്‍ ഏറെക്കാലം ചര്‍ച്ചാ വിഷയമായ കമ്മിഷനിലെ നടപടിക്രമങ്ങള്‍ ഒട്ടും ലളിതമായിരുന്നില്ല. ആയിരക്കണക്കിനു പേജുള്ള സാക്ഷി മൊഴികള്‍ പഠിച്ചു നിഗമനത്തിലെത്താനാണു കമ്മിഷന്‍ പല തവണ കാലാവധി നീട്ടിവാങ്ങിയത്. അപൂര്‍വതകള്‍ ഏറെ സോളര്‍ കമ്മിഷന് അപൂര്‍വതകള്‍ ഏറെയുണ്ട്.
ഒരു മുഖ്യമന്ത്രി രാജ്യത്ത് ആദ്യമായാണ് തുടര്‍ച്ചയായി 15 മണിക്കൂര്‍ അന്വേഷണ കമ്മിഷന്‍ മുന്‍പാകെ മൊഴി കൊടുത്തത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ രാവിലെ 11നു തുടങ്ങി പിറ്റേന്നു പുലര്‍ച്ചെ 1.50 നാണു സിറ്റിങ് അവസാനിച്ചത്.
മുഖ്യമന്ത്രി പദം ഒഴിഞ്ഞ ശേഷം ആറു തവണ കൂടി ഉമ്മന്‍ ചാണ്ടി കമ്മിഷനു മുന്‍പിലെത്തി. മൊത്തം 53 മണിക്കൂര്‍ മൊഴിയെടുത്തു.
കേരളത്തില്‍ ഒരു കമ്മിഷന്‍ ആദ്യമായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചുവെന്ന പ്രത്യേകതയുമുണ്ട്. സരിത എസ്. നായര്‍ ഹാജരാകാന്‍ പല വട്ടം വിസമ്മതിച്ചതോടെ കമ്മിഷന്‍ വാറന്റ് പുറപ്പെടുവിച്ചു. ഇതേത്തുടര്‍ന്നു സരിത ഹാജരായി.
രണ്ടു തവണ രഹസ്യ മൊഴികളും കമ്മിഷന്‍ രേഖപ്പെടുത്തി. ബിജു രാധാകൃഷ്ണന്‍ നേരിട്ടു സരിത എസ്. നായരെ വിസ്തരിച്ചപ്പോഴായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത്, സരിതയുടെ കത്തില്‍ പേരു പരാമര്‍ശിക്കപ്പെട്ടവര്‍ സരിതയെ വിസ്തരിച്ചപ്പോള്‍.
കാലാവധി നീട്ടിയത് എട്ടു തവണ 2014 ഏപ്രില്‍ മുതല്‍ എട്ടു തവണ കാലാവധി നീട്ടി. 2017 ഏപ്രില്‍ 28 മുതല്‍ മൂന്നു മാസത്തേക്കും പിന്നീട് ജൂലൈ മുതല്‍ രണ്ടു മാസത്തേക്കും നീട്ടി. ആറു മാസത്തേക്കു നിയമിച്ച കമ്മിഷന്‍ മൂന്നു വര്‍ഷവും 10 മാസവും പിന്നിട്ടു.