തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ഡി.ജിപി ശങ്കര്‍ റെഡ്ഡിക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഈ മാസം എട്ടിന് വിധി പറയും.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ രേഖകള്‍ പൂഴ്ത്തിയെന്ന പരാതിയിലാണ് കോടതി വിധി പറയുന്നത്.
അതേസമയം, പരാതികള്‍ പൂഴ്ത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ശങ്കര്‍ റെഡ്ഡിയുടെ നിലപാട്.
സരിത സോളര്‍ കമ്മിഷന്‍ മുന്‍പാകെ പരാതി ഉന്നയിച്ചതിന്റെ അടുത്ത ദിവസം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പി.ഡി.ജോസഫ് എന്നൊരാള്‍ വ്യക്തി ഹര്‍ജി നല്‍കി. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു.
എന്നാല്‍ അതിനെതിരെ ആരോപണവിധേയര്‍ അടുത്ത ദിവസം ഹൈക്കോടതിയില്‍ നിന്നു സ്‌റ്റേ വാങ്ങി. സ്‌റ്റേ അനുവദിച്ച വിഷയത്തില്‍ പിന്നീടു വിജിലന്‍സിനു നേരിട്ടു പരാതി ലഭിച്ചാലും അന്വേഷിക്കാന്‍ കഴിയില്ലെന്നും റെഡ്ഡി പറഞ്ഞു. ഇതെല്ലാം മറച്ചു വച്ചാണ് താന്‍ പരാതികള്‍ പൂഴ്ത്തിയെന്ന് റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.