തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സൈനികനെ കാണാനില്ല; തെരച്ചില്‍ ആരംഭിച്ച് സുരക്ഷാ സേന

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സൈനികനെ കാണാനില്ലെന്ന് പരാതി. അവധിക്ക് നാട്ടിലെത്തിയ മകനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതാണെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. അചതല്‍ സ്വദേശി ജാവേദ് അഹമ്മദ് വാനിയെയാണ് കാണാതായത്.

ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി റെജിമെന്റില്‍ പെട്ട റൈഫിള്‍മാന്‍ ജാവേദ് അഹമ്മദ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അവധിക്ക് നാട്ടിലെത്തിയിരുന്നു. ഇന്നലെ വൈകിട്ട് ആറരയോടെ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ തന്റെ ആള്‍ട്ടോ കാറില്‍ വീട്ടില്‍ നിന്ന് ഇറങ്ങി. രാത്രി 9 മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് മാര്‍ക്കറ്റിന് സമീപം കാര്‍ കണ്ടെത്തി.

കാറിനുള്ളില്‍ രക്തക്കറ കണ്ടതോടെ വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതാണെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് ചിലരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. 25 കാരനായ സൈനികന് വേണ്ടി സുരക്ഷാ സേനയും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Top