ന്യൂഡല്‍ഹി: അടുപ്പിച്ച് കുറച്ച് ദിവസം മഴയോ മഞ്ഞു വീഴ്ചയോ ഉണ്ടായാല്‍ തണുത്ത് വിറച്ച് വീടിനുള്ളില്‍ കയറി ഇരിക്കുന്നവരാണ് നമ്മളില്‍ ഏറെ പേരും. പരാമാവധിയില്‍ കവിഞ്ഞ ചൂടോ തണുപ്പോ ഒരു സാധാരണ മനുഷ്യന് ചിന്തിക്കാന്‍ പോലും ആവില്ല. എന്നാല്‍ നമ്മളെ കാക്കാന്‍ അതിര്‍ത്ഥി പ്രദേശങ്ങളില്‍ അസ്ഥിയുറയുന്ന തണുപ്പില്‍ കഴിയേണ്ടിവരുന്ന പട്ടാളക്കാരുടെ അവസ്ഥ പലരും ചിന്തിക്കാറില്ല.
ഇപ്പോളിതാ ആ കുടിവെള്ളം പോലും തണുത്തുറയുന്ന സിയാച്ചിനില്‍ ജീവിക്കുന്ന ഇന്ത്യന്‍ സൈന്യത്തിലെ ഗൂര്‍ഖാ സൈനികരുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കടുത്ത തണുപ്പില്‍ സൈന്യത്തിന്റെ ക്യാമ്പില്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
തണുത്തുറഞ്ഞ് കട്ടയായ അവസ്ഥയിലാണ് പാക്ക് ചെയ്ത ജ്യൂസ്,മുട്ട, പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം. ചുറ്റിക ഉപയോഗിച്ച് ഇടിച്ചാലും പൊട്ടാത്ത രീതിയില്‍ മുട്ടകള്‍ തണുത്തുറഞ്ഞു. ജ്യൂസ് ആകട്ടെ ഇഷ്ടിക പോലെ ഉറഞ്ഞ് കട്ടിയായ അവസ്ഥയിലും. ചുറ്റികയുപയോഗിച്ച് ഇടിക്കുന്നുണ്ടെങ്കിലും പൊട്ടിക്കാനാവാത്തത്ര ഉറപ്പാണ് അതിന്. തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളും അസാധാരണമായ വിധത്തില്‍ ഉറഞ്ഞ് കട്ടിയായ അവസ്ഥയിലാണ്. ചുറ്റിക കൊണ്ട് ഇടിച്ചിട്ടും തക്കാളിക്ക് ഒരു കുലുക്കവുമില്ല. അന്തരീക്ഷ താപനില മൈനസ് 70 ഡിഗ്രിവരെ ആവാറുണ്ടെന്നും ഇവിടത്തെ ജീവിതം നരകതുല്യമാണെന്നും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന പട്ടാളക്കാരിലൊരാള്‍ പറയുന്നു. വിവിധ ദേശീയ മാധ്യമങ്ങളാണ് വീഡിയോ അടക്കമുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.