മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ പതിനഞ്ച് സൈനികരും ഒരു ഡ്രൈവറും കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി എൻസിപി രംഗത്ത്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ രാജി വയ്ക്കണമെന്നാണ് എൻസിപി അധ്യക്ഷൻ ശരത് പവാർ പറഞ്ഞത്.
ഗഡ്ച്ചിറോളിയിൽ സൈനിക വാഹനത്തിന് നേർക്കാണ് ആക്രമണം ഉണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറും ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് നിയോഗിച്ച സൈനികരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് ജോലികൾ പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് മാവോയിസ്റ്റുകൾ കുഴിബോംബ് സ്‌ഫോടനം നടത്തിയത്. സ്ഥലത്ത് മാവോയിസ്റ്റുകളും സൈന്യവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്.
ഏപ്രിൽ11 ന് ഗഡ്ചിറോളിയിൽ വോട്ടെടുപ്പ് ദിനത്തിലും മാവോയിസ്റ്റുകൾ പോളിങ് ബൂത്തിന് നേർക്ക് ആക്രമണം നടത്തിയിരുന്നു. എന്നാൽ, അന്ന് നടന്ന ആക്രമണത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. പിന്നാലെയാണ് ഇന്ന് സുരക്ഷാ സൈനികരെ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായത്.
ഇന്ന് രാവിലെ പ്രദേശത്ത് റോഡ് നിർമ്മാണത്തിനായി കൊണ്ടു വന്ന 27 യന്ത്രങ്ങൾ മാവോയിസ്റ്റുകൾ തീയിട്ട് നശിപ്പിച്ചിരുന്നു. ഇതിന് ശേഷം കൂടുതൽ സൈനികരെ ഇവിടേക്ക് വിന്യസിച്ചിരുന്നു. പിന്നാലെയാണ് സൈനികർക്ക് നേരെ ആക്രമണം നടന്നത്. മാവോയിസ്റ്റുകൾക്ക് വലിയ സ്വാധീനമുള്ള പ്രദേശമാണ് ഗഡ്ചിറോളി.