ന്യൂഡല്‍ഹി: മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് മറ്റൊരു മേജര്‍ അറസ്റ്റില്‍. മേജര്‍ നിഖില്‍ ഹണ്ടയെയാണ് മീററ്റിലെ ദൗറാലയില്‍ നിന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഡല്‍ഹി കന്റോണ്‍മെന്റ് മെട്രോസ്റ്റേഷന് സമീപം ശനിയാഴ്ചയാണ് മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജ ദ്വിവേദിയെ (35) കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. മൃതദേഹത്തില്‍ വാഹനം കയറ്റിയിറക്കിയതിന്റെ പാടുകളും ഉണ്ടായിരുന്നു.
സൈനികാശുപത്രിയില്‍ ഫിസിയോ തെറാപ്പി ചെയ്യാനായി പോയ യുവതിയുടെ മൃതദേഹം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കണ്ടെത്തിയത്. രാവിലെ പോയ ഭാര്യ തിരിച്ചു വരാന്‍ വൈകിയപ്പോള്‍ നാല് മണിയോടെ ഭര്‍ത്താവായ മേജര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. രാവിലെ സൈനിക വാഹനത്തിലാണ് ഇവരെ ആശുപത്രിക്ക് മുന്നില്‍ ഇറക്കിയത്. തിരികെ വിളിച്ചു കൊണ്ടുവരാനായി ഡ്രൈവര്‍ വണ്ടിയുമായി ചെന്നപ്പോള്‍, ഇവര്‍ ഫിസിയോ തെറാപ്പിക്ക് ചെന്നിട്ടില്ല എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.
കൊലപാതകത്തിന് ശേഷം മേജര്‍ നിഖില്‍ ഒളിവില്‍ പോയിരുന്നു. ഇയാളുടെ ഫോണും ഓഫ് ചെയ്ത നിലയിലായിരുന്നു. മേജറിന്റേയും ഭാര്യയുടേയും കുടുംബ സുഹൃത്തായിരുന്ന നിഖില്‍ അടുത്തിടെ ഇവരുമായി തെറ്റിയിരുന്നു. പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.