ഹരാരെ: സിംബാബ്‌വെ വൈസ് പ്രസിഡന്റ് എമേഴ്‌സന്‍ മന്‍ഗാഗ്വയെ പ്രസിഡന്റ് റോബര്‍ട് മുഗാബെ പുറത്താക്കിയതിനെ തുടർന്ന് ഉണ്ടായ ഭരണ പ്രതിസന്ധി ശക്തമാകുന്നു.
മന്‍ഗാഗ്വയുടെ അടുത്ത അനുയായിയായ സൈനിക മേധാവി ജനറൽ കോണ്‍സ്റ്റിനോ ചിവെങ്കയുടെ നേതൃത്വത്തിൽ രാജ്യത്ത് സൈനിക അട്ടിമറിക്ക് വഴിയൊരുങ്ങുകയാണ്.
ഇതിന് മുന്നോടിയായി സിംബാബ്‌വെ തലസ്ഥാനത്തിനുള്ളിൽ സൈന്യം നിലയുറപ്പിക്കുകയും രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമ ഓഫിസ് സൈന്യം കൈയ്യടക്കുകയും ചെയ്തു.
പ്രസിഡന്റ് റോബര്‍ട് മുഗാബെയും കുടുംബവും സൈന്യത്തിന്റെ പിടിയിലാണ്. ഇവർ സുരക്ഷിതരാണെന്ന് ചിവെങ്ക അറിയിച്ചിട്ടുണ്ട്.
അദ്ദേഹത്തിനു ചുറ്റുമുള്ള ക്രിമിനലുകളെ ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യം. അതിനു സാധിക്കുന്നതോടെ രാജ്യത്തെ ക്രമസമാധാനനില മുൻ നിലയിലേക്ക് എത്തും. ജനങ്ങൾക്കു നേരെ നടക്കുന്ന അനീതിയിൽ നിന്ന് അവരെ സംരക്ഷിക്കുകയാണു ഞങ്ങളുടെ ലക്ഷ്യം.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കി യാതൊരു തടസ്സങ്ങളുമില്ലാതെ പ്രവർത്തിക്കുവാൻ സാഹചര്യമൊരുക്കുകയാണെന്നും സൈന്യം വ്യക്തമാക്കി.
മന്‍ഗാഗ്വയെ പുറത്താക്കിയതിനെ തുടർന്ന് സൈന്യം ഭരണം ഏറ്റെടുക്കുമെന്ന് സൈനിക മേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു.
വിശ്വാസവഞ്ചന കുറ്റം ആരോപിച്ചാണ് 75 വയസുകാരനായ മന്‍ഗാഗ്വയെ മുഗാബെ പുറത്താക്കിയത്.
ആഫ്രിക്കയുടെ തെക്കുഭാഗത്തുള്ള രാജ്യമായ സിംബാബ്‌വെയിൽ 1980ലാണ് റോബർട്ട് മുഗാബെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.
പിന്നീട് 1987ലെ ഭരണഘടനാ ഭേദഗതിയിലൂടെ പ്രസിഡന്റായ മുഗാബെ ഇപ്പോഴും പദവിയിൽ തുടരുകയാണ്.