നെല്ല് സംഭരണത്തിന് പരിഹാരം; ചീഫ് സെക്രട്ടറി തയാറാക്കിയ റിപ്പോര്‍ട്ട് മന്ത്രിസഭ ഇന്ന് പരിഗണിച്ചേക്കും

തിരുവനന്തപുരം: നെല്ലുസംഭരണത്തിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനു ചീഫ് സെക്രട്ടറി ഡോ.വി. വേണു തയാറാക്കുന്ന റിപ്പോര്‍ട്ട് ഇന്നു മന്ത്രിസഭ പരിഗണിച്ചേക്കും. ചീഫ് സെക്രട്ട 2ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിസഭാ ഉപസമിതി നിര്‍ദേശിച്ചിരുന്നു. റിപ്പോര്‍ട്ട് വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിട്ടുണ്ട്.

നെല്ലുസംഭരണം സംബന്ധിച്ചു ചേര്‍ന്ന ഉപസമിതി യോഗത്തില്‍ സാമ്പത്തിക കാര്യങ്ങളുടെ പേരില്‍ മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നു തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. നെല്ലുസംഭരണം സഹകരണ സംഘങ്ങളെ ഏല്‍പിക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗം തത്വത്തില്‍ തീരുമാനിച്ചിരുന്നു. സഹകരണ സംഘങ്ങള്‍ നെല്ലുസംഭരിച്ചു മില്ലുകള്‍ വഴി അരിയാക്കി സപ്ലൈകോയ്ക്കു നല്‍കുന്ന പദ്ധതിയാണിത്.

എന്നാല്‍, നേരത്തേ നെല്ലു സംഭരണത്തിനു നല്‍കിയ വായ്പ ഇനത്തില്‍ കേരള ബാങ്കിന് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കാനുള്ള 535 കോടിയില്‍ ഒരു വിഹിതമെങ്കിലും നല്‍കാതെ കൂടുതല്‍ വായ്പ അനുവദിക്കാന്‍ സാങ്കേതികമായി കഴിയില്ല. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 200 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. കേരള ബാങ്കിന്റെ കടത്തില്‍ ഒരു ഭാഗം നല്‍കിയ സാഹചര്യത്തില്‍ ഇനി സംഘങ്ങളെ ഏല്‍പിക്കാന്‍ കഴിയും.

നെല്ലുസംഭരണവുമായി ബന്ധപ്പെട്ടു പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനു പുറത്തുള്ള ബാങ്കിനെ ഉള്‍പ്പെടുത്തി വായ്പ നേടാന്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തിന്റെ അനുമതി വേണം. ഇനി കൊയ്യേണ്ട നെല്ല് പോലും ഈടുവച്ചു വായ്പ ലഭ്യമാക്കിയ സാഹചര്യത്തില്‍ ഈ അനുമതി നേടാനുള്ള നടപടിയും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടാകും. കണ്‍സോര്‍ഷ്യത്തില്‍ നിന്നു വാങ്ങിയ 2500 കോടി രൂപയുടെ വായ്പയാണ് തിരിച്ചടയ്ക്കേണ്ടത്. നെല്ലുസംഭരിച്ചതിനും അരിയാക്കിയതിനുമുള്ള ചെലവ്് ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍, സപ്ലൈകോയ്ക്ക് 1055 കോടി രൂപ നല്‍കാനുണ്ട് എന്നാണ് ഭക്ഷ്യ വകുപ്പിന്റെ കണക്ക്.

Top