മൊഗാദിഷു: സൊമാലിയയിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം അല്‍ ഷബാബ് ഏറ്റെടുത്തു. കൊല്ലപ്പെട്ടവരുടെ എണ്ണം 20 കവിഞ്ഞു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. ദ്രുത കര്‍മ സേനയേയും പ്രാദേശിക സര്‍ക്കാര്‍ ആസ്ഥാനത്തേയും ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.
മധ്യ സൊമാലിയയിലെ ഗല്‍കയോവിലാണ് ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്. ആദ്യ സ്‌ഫോടനമുണ്ടായതോടെ പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം തുടങ്ങി. ഇതിനു നേര്‍ക്കായിരുന്നു രണ്ടാം ബോംബ് സ്‌ഫോടനം. ആദ്യ സ്‌ഫോടനം ട്രക്കിലും രണ്ടാമത്തേത് കാറിലുമായിരുന്നു. മരിച്ചവരില്‍ സാധാരണക്കാരും സൈനികരും രക്ഷാ പ്രവര്‍ത്തകരും പെടും. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സായുധ ആക്രമണം നടത്തുന്ന തീവ്രവാദ സംഘടനയായ അല്‍ ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തു.
അല്‍ ഷബാബിന്റെ പ്രധാന കമാന്‍ഡറടക്കം നാല് പേരെ ദിവസങ്ങള്‍ക്ക് മുന്പ് സൈനികര്‍ പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം. ഈ വര്‍ഷാവസാനം സൊമാലിയയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.