ജൂലൈ 7, 2008 ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തിലെ വളരെ നിര്‍ണ്ണായകമായ ദിനമാണ്. യുപിഎ സര്‍ക്കാരിനെതിരെ ബിജെപി അവിശ്വാസ പ്രമേയവുമായി രംഗത്ത് വരികയും അതില്‍ കോണ്‍ഗ്രസ് വിജയം നേടുകയും ചെയ്ത ദിനം! സോമനാഥ് ചാറ്റര്‍ജി എന്ന അന്നത്തെ ലോക്‌സഭാ സ്പീക്കര്‍ക്ക്, അതും സിപിഎം നേതാവിന് അതിനേക്കാള്‍ നിര്‍ണ്ണായകവും പ്രതിസന്ധി നിറഞ്ഞതുമായ ദിനം ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാവില്ല.
യുപിഎ വിജയിച്ചു എന്ന് പ്രഖ്യാപിച്ച ചാറ്റര്‍ജി പാര്‍ട്ടി വിരുദ്ധനായി, വോട്ടെടുപ്പിന് മുന്‍പ് രാജിവയ്ക്കണമെന്ന പാര്‍ട്ടി നിര്‍ദ്ദേശത്തെ അനുസരിക്കാത്തതിനാലായിരുന്നു ഇത്.തൊട്ട് പിറ്റേദിവസം പോളിറ്റ് ബ്യൂറോ കൂടി സോമനാഥ് ചാറ്റര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ കൈക്കൂലി നല്‍കിയെന്നാരോപിച്ച് ചില ബിജെപി എംപിമാര്‍ സഭയില്‍ നോട്ട് കെട്ടുകളുമായി വന്ന്
പ്രതിഷേധിച്ചത് ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ തലകുനിപ്പിച്ച സംഭവമായിരുന്നു. കലുഷിതമായ അന്തരീക്ഷത്തെ നിയന്ത്രിച്ചത് സോമനാഥ് ചാറ്റര്‍ജി എന്ന അനുഭവ സമ്പത്തുള്ള മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഇടപെടലുകളായിരുന്നു.
സര്‍ക്കാരിനെ വെട്ടിലാക്കുന്ന പ്രമേയങ്ങള്‍ക്ക് പോലും അനുമതി നല്‍കാന്‍ അദ്ദേഹം മടികാണിച്ചില്ല. നിര്‍ണ്ണായകമായ, അത്യാവശ്യമുള്ള ബില്ലുകള്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ പരിശോധനയ്ക്ക് വിടാനുള്ള കണിശത തന്നെയായിരുന്നു സോമനാഥ് എന്ന സ്പീക്കറുടെ മുഖമുദ്ര. കണിശതയും നിലപാടുകളും അദ്ദേഹത്തെ രാജ്യം കണ്ട് ഏറ്റവും നല്ല സ്പീക്കര്‍ പദവിയിലേയ്ക്കുയര്‍ത്തി.
സിപിഎമ്മിന് എക്കാലത്തും ഉയര്‍ത്തിക്കാട്ടാന്‍ സാധിക്കുന്ന ദേശീയ മുഖമായിരുന്നു ഒരു കാലത്ത് അദ്ദേഹം. പ്രായോഗിക രാഷ്ട്രീയത്തിന്റെ എക്കാലത്തെയും മികച്ച അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റേതായിരുന്നു. ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കുന്ന ചര്‍ച്ചകള്‍ സജീവമായിരുന്ന സമയത്ത് അതിനെ ശക്തമായി അദ്ദേഹം അനുകൂലിച്ചു.
ദേശീയ രാഷ്ട്രീയത്തിലേയ്ക്കുള്ള ചുവടുവയ്പ്പുകള്‍ക്കുള്ള അവസരമായി പാര്‍ട്ടി പ്രധാനമന്ത്രി പദത്തെ കാണണം. അധികാര രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കരുതെന്ന് അന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍ അത് പാര്‍ട്ടി ചെവിക്കൊണ്ടില്ല. പാര്‍ട്ടി തീരുമാനം ഹിമാലയന്‍ ബ്ലന്‍ഡറാണെന്ന് പിന്നീട് തുറന്ന് പറയേണ്ടി വന്നുവെന്നതും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒരുകാലത്തും മറക്കാത്ത ചരിത്രമാണ്.
അതിനു ശേഷം പശ്ചിമബംഗാളും സോമനാഥ് ചാറ്റര്‍ജിയുടെ വഴിയിലേയ്ക്ക് വന്നു എന്നതിന്റെ തെളിവാണ് 2008ലേത്. 2008ല്‍ ആണവകരാറിന്റെ പേരില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ സിപിഎം തീരുമാനമെടുത്തപ്പോള്‍ അന്ന് ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് അതിനോട് കാര്യമായ യോജിപ്പില്ലായിരുന്നു. അന്ന് സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് ആവശ്യത്തിനായി ശക്തമായി വാദിച്ചു. അതിന്റെ പേരില്‍ പശ്ചിമ ബംഗാള്‍ ഘടകം ദേശീയ ഘടകത്തോട് തെറ്റി. ഇന്നും ദേശീയ തലത്തില്‍ സിപിഎമ്മില്‍ നിലനില്‍ക്കുന്ന ആശയഭിന്നത അന്നത്തെ സംഭവം ഒരു തരത്തില്‍ കാരണമാണ്.
അഭിഭാഷകനായിരുന്ന ചാറ്റര്‍ജി 1968ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 1971ല്‍ സിപിഎം സ്വതന്ത്രനായി ലോക് സഭയിലെത്തി.
1971 മുതല്‍ 2009 വരെയുള്ള നീണ്ട കാലയളവില്‍ 10 തവണ അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. ഇതിനിടെയില്‍ 1984ല്‍ മാത്രമാണ് അദ്ദേഹം പരാജയപ്പെട്ടത്. മമത ബാനര്‍ജിയാണ് അന്ന് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. 1996ല്‍ മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള പുരസ്‌കാരം സോമനാഥ് ചാറ്റര്‍ജിയ്ക്ക് ലഭിച്ചു.
2004ലെ ലോക്സഭാ പൊതുതെരഞ്ഞെടുപ്പില്‍ ചാറ്റര്‍ഡി പ്രോടൈം സ്പീക്കറായി. പിന്നീട് 14ാം ലോക്സഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. വാസുദേവ് മാവാലങ്കാറിന് ശേഷം ഐക്യകണ്ഠേന സ്പീക്കറായി തെരഞ്ഞെടുക്കപ്പടുന്ന ആളാണ് സോമനാഥ് ചാറ്റര്‍ജി.
റിപ്പോര്‍ട്ട് : എ.ടി അശ്വതി