ഭാരത് മാതാ കീ ജയ്’ വിളിക്കുന്നതില്‍ എന്താണ് തെറ്റ്? മന്‍മോഹന്‍ സിംഗിനെതിരെ പ്രധാനമന്ത്രി

ചില ആളുകള്‍ക്ക് ‘ഭാരത് മാതാ കീ ജയ്’ വിളിക്കുന്നത് പോലും ഇപ്പോള്‍ പ്രശ്‌നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മുദ്രാവാക്യം ദുരുപയോഗം ചെയ്ത് സൈനികവും, വൈകാരികവുമായ ഇന്ത്യയെന്ന ആശയം സൃഷ്ടിക്കുമ്പോള്‍ കോടിക്കണക്കിന് പൗരന്‍മാര്‍ ഒഴിവാക്കപ്പെടുന്നതായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നടത്തിയ പ്രസ്താവനയെ ചോദ്യം ചെയ്താണ് നരേന്ദ്ര മോദി ഈ ആരോപണം ഉന്നയിച്ചത്.

ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നേരത്തെ ചില ആളുകള്‍ ‘വന്ദേമാതരം’ എതിര്‍ത്തു, ഇപ്പോള്‍ ഇവര്‍ ‘ഭാരത് മാതാ കീ ജയ്’ എന്നതിനെയും എതിര്‍ക്കുന്നു. പ്രസംഗത്തില്‍ മന്‍മോഹന്‍ സിംഗിന്റെ പേരെടുത്ത് പറയാതെയായിരുന്നു ഈ വിമര്‍ശനം. ഭാരത് മാതാ കീ ജയ് എന്ന് പറയുന്നതില്‍ ചിലര്‍ക്ക് ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ട്. നമ്മള്‍ രാജ്യത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ ചിലര്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനായാണ് പോരാടുന്നത്, പ്രധാനമന്ത്രി ബിജെപി എംപിമാരോട് പറഞ്ഞു.

ഫെബ്രുവരി 22ന് ഒരു പുസ്തക പ്രകാശനച്ചടങ്ങളില്‍ പങ്കെടുക്കവെയാണ് ദേശീയതയും, ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യവും ദുരുപയോഗം ചെയ്യുന്നതായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആരോപിച്ചത്. പുരുഷോത്തം അഗര്‍വാള്‍ എഴുതിയ ‘ആരാണ് ഭാരത മാതാവ്’, രാധാ കൃഷ്ണ എഴുതിയ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ എഴുത്തുകളും, പ്രസംഗങ്ങളും സംബന്ധിച്ച പുസ്തകങ്ങളുമാണ് അദ്ദേഹം പുറത്തിറക്കിയത്.

പ്രവര്‍ത്തനക്ഷമമായ ജനാധിപത്യമെന്ന് ലോകരാജ്യങ്ങള്‍ ഇന്ത്യയെ കണക്കാക്കുമ്പോള്‍, സുപ്രധാന ലോക ശക്തിയായി കരുതുമ്പോള്‍, അതിന്റെ ആദ്യ പ്രധാനമന്ത്രി പ്രധാന ശില്‍പ്പിയായി അംഗീകരിക്കപ്പെടണമെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. ‘എന്നാല്‍ ഒരു വിഭാഗം ആളുകള്‍ ചരിത്രം പഠിക്കാന്‍ ക്ഷമയില്ലാതെ, മുന്‍ധാരണകളാല്‍ നയിക്കപ്പെട്ട്, നെഹ്‌റുവിനെ മോശം വെളിച്ചത്തില്‍ കാണിക്കാന്‍ ശ്രമിക്കുന്നു. ചരിത്രത്തിന് തെറ്റായ, വ്യാജ കുത്തുവാക്കുകള്‍ തള്ളാന്‍ ശേഷിയുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, ശരിയായത് മുന്നോട്ട് വരികയും ചെയ്യും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top