പൗരത്വ ബില്‍;ചില പാര്‍ട്ടികള്‍ സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പൗരത്വ ബില്ലില്‍ ചില പാര്‍ട്ടികള്‍ സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാദമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ഡല്‍ഹിയില്‍ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു മോദിയുടെ പ്രതികരണം.

ബില്ലിനെതിരായ കള്ളപ്രചാരണങ്ങള്‍ ചെറുക്കണമെന്നും ബില്ല് രാജ്യതാത്പര്യം സംരക്ഷിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ബില്‍ ഇന്ത്യയുടെ മുന്നോട്ടുപോക്കിന് അതിപ്രധാനമാണെന്നും ഇത് ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതപ്പെടുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭയില്‍ തിങ്കളാഴ്ച പാസാക്കിയ ബില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ രാജ്യസഭയില്‍ അവതരിപ്പിക്കും. ഇതിനായി ചോദ്യോത്തരവേള ഒഴിവാക്കിയതായി രാജ്യസഭാ അധികൃതര്‍ അറിയിച്ചു.ബില്ല് അവതരണത്തിന് മുന്നോടിയായി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ബില്ല് രാജ്യസഭയിലും പാസ്സാകുമെന്ന ആത്മവിശ്വാസത്തിലാണ് അമിത് ഷായും ബിജെപിയും. കണക്കുകള്‍ ബിജെപിക്ക് അനുകൂലമാണെങ്കിലും യുപിഎയും കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്.

ബില്ലിന് ലോക്‌സഭയില്‍ അനുകൂലമായി 311 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 80 പേര്‍ മാത്രമാണ് എതിര്‍ത്തത്. പക്ഷേ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ സഹായമില്ലാതെ ബില്‍ പാസാക്കാന്‍ കഴിയില്ല.

നിലവില്‍ 240 പേരാണ് രാജ്യസഭയുടെ അംഗബലം. കേവലഭൂരിപക്ഷത്തിന് 121 പേര്‍ വേണമെന്നര്‍ത്ഥം. എന്‍ഡിഎക്ക് പിന്തുണയുമായി അണ്ണാഡിഎംകെ, ജെഡിയു, അകാലിദള്‍ എന്നീ പാര്‍ട്ടികളുണ്ട്. ഇപ്പോള്‍ത്തന്നെ 116 ആയി അംഗബലം. 14 പേരുടെ പിന്തുണ കൂടി എന്‍ഡിഎ പ്രതീക്ഷിക്കുന്നുണ്ട്. ഇതോടെ 130 ആയി അംഗബലം ഉയരും. വോട്ടെടുപ്പിലെത്തുമ്പോള്‍ എളുപ്പത്തില്‍ ബില്ല് പാസ്സാകുമെന്ന ഉറപ്പ് ബിജെപിക്കും അമിത് ഷായ്ക്കും ഉണ്ട്.

Top