തിരുപ്പതി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പാര്‍ട്ടികളെയും നേതാക്കളെയും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.തിരഞ്ഞെടുപ്പ് ഫലം നല്‍കിയ ആഘാതത്തില്‍നിന്ന് ചിലര്‍ ഇനിയും മുക്തരായിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. തിരുപ്പതി സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം വിമാനത്താവളത്തില്‍ ബിജെപി പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പെന്ന അധ്യായം അടഞ്ഞു കഴിഞ്ഞു. 130 കോടി ഇന്ത്യക്കാരെ സേവിക്കേണ്ടത് എങ്ങനെ എന്നകാര്യത്തിലാണ് പാര്‍ട്ടി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
തിരുപ്പതിയില്‍ ദര്‍ശനം നടത്തിയത് 130 കോടി ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുവേണ്ടി അനുഗ്രഹം തേടാനാണ്.ഇവിടെ പലതവണ വന്നിട്ടുണ്ട്. രണ്ടാം തവണയും തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും സാക്ഷാത്കരിക്കുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി അധികാരത്തിലെത്തിയ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വെ.എസ് ജഗന്‍ മോഹന്‍ റെഡ്ഢിയെ അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാനത്തിന് എല്ലാ പിന്തുണയും കേന്ദ്രം നല്‍കും. രാജ്യത്തെ ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.ശ്രീലങ്ക – മാലദ്വീപ് സന്ദര്‍ശനത്തിനുശേഷം കൊളംബോയില്‍നിന്നാണ് പ്രധാനമന്ത്രി മോദി തിരുപ്പതി ദര്‍ശനത്തിനായി എത്തിയത്.