കൊല്‍ക്കത്ത: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടിയെ നയിക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേരുണ്ടെന്ന് സോമനാഥ് ചാറ്റര്‍ജി. പ്രായം വി.എസിന് അപവാദമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വരുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലും പശ്ചിമബംഗാളിലും അധികാരം നേടാന്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാണ് പ്രത്യേക അഭിമുഖത്തില്‍ സോമനാഥ് ചാറ്റര്‍ജി പരാമര്‍ശിച്ചത്.
വി.എസിനെപ്പോലെ പ്രതിജ്ഞാബദ്ധരായ നേതാക്കള്‍ ജനങ്ങളില്‍ ആവേശം നിറക്കുമെന്നും സോമനാഥ് ചാറ്റര്‍ജി പറഞ്ഞു. അനുകൂലമായ ഘടകങ്ങളുണ്ടെന്ന് വി.എസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും സോമനാഥ് ചാറ്റര്‍ജി വ്യക്തമാക്കി.
നേതൃത്വത്തിലേക്ക് യുവാക്കളെ കൂടുതലായി ഉള്‍പ്പെടുത്തണം. യുവാക്കള്‍ക്ക് ഭൂതകാലത്തിന്റെ ഭാരമില്ല. സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാന്‍ അവര്‍ക്ക് സാധിക്കും. ഇതിലൂടെ വിഭാഗീയത പൂര്‍ണമായും തുടച്ചുനീക്കാനാകുമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
പശ്ചിമബംഗാളില്‍ മുഹമ്മദ് സലിമിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നും സോമനാഥ് ചാറ്റര്‍ജി പറഞ്ഞു. ബൃന്ദാകാരാട്ട് മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകില്ല. പശ്ചിമ ബംഗാളില്‍ തിരിച്ച് വരാന്‍ കോണ്‍ഗ്രസ് ബന്ധം അനിവാര്യമാണെന്നും സിപിഐഎം ദൃഢമായ തീരുമാനമെടുത്താല്‍ മറ്റ് ഇടതുപാര്‍ട്ടികള്‍ക്ക് ഇത് അംഗീകരിക്കേണ്ടി വരുമെന്നും സോമനാഥ് ചാറ്റര്‍ജി പറഞ്ഞു.