അമ്മയുടെ മരണത്തില്‍ മകന്‍ പൊലീസ് കസ്റ്റഡിയില്‍; സംഭവം നെയ്യാറ്റിന്‍കരയിൽ

തിരുവനന്തപുരം: നെയ്യാറ്റിന്‍കര പൂവാര്‍ പാമ്പുകാലയില്‍ അമ്മയുടെ മരണത്തില്‍ മകന്‍ പൊലീസ് കസ്റ്റഡിയില്‍. വിപിന്‍ ദാസാണ് പൊലീസ് പിടിയിലായത്. ഇയാളുടെ അമ്മ ഓമന (70)യുടെ മരണത്തെത്തുടര്‍ന്നാണ് അറസ്റ്റ്. ജൂലൈ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. അധ്യാപികയായ ഓമനയും ഇളയ മകന്‍ വിപിന്‍ ദാസും മാത്രമാണ് വീട്ടില്‍ താമസം.

സ്ഥിരം മദ്യപാനിയായ ഇയാള്‍ അമ്മയെ മര്‍ദിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. വിപിന്‍ദാസ് ജൂലൈ ഒന്നിന് ഉച്ചക്ക് ശവപ്പെട്ടി വാങ്ങി വീട്ടിലേക്കു വരുന്നത് കണ്ട നാട്ടുകാര്‍ക്ക് സംശയം തോന്നി വിവരം പൊലീസിനെ അറിയിച്ചു.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഓമനയുടെ മരണവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഓമനയ്ക്ക് മര്‍ദനം ഏറ്റുവെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിശദമായ അന്വേഷണം നടന്നുവരികയാണ്.

 

Top