son killed father in chengannoor; dead body found

ചെങ്ങന്നൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മകന്‍ കൊലപ്പെടുത്തിയ പ്രവാസി മലയാളി വ്യവസായി ജോയി.വി.ജോണിന്റേതെന്നു കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. പമ്പയാറിന്റെ തീരത്ത് പ്രയാര്‍ ഇടക്കടവ് ഭാഗത്തു നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ഒരു കൈയുടെ ഭാഗമാണ് മുങ്ങല്‍ വിദഗ്ധര്‍ക്ക് ലഭിച്ചത്. ഇത് ജോയിയുടേതു തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇതനുസരിച്ച് കൂടുതല്‍ തെരച്ചില്‍ നടത്തി വരുകയാണ് ഇപ്പോള്‍. പ്രതിയായ മകന്‍ ഷെറിന്റെ മൊഴികളിലെ വൈരുദ്ധ്യമാണ് പ്രധാന തടസ്സം.

ഷെറിന്‍ നല്‍കിയ മൊഴി അനുസരിച്ച് പമ്പയാറിലെ ആറന്‍മുള ആറാട്ടുപുഴ പാലത്തിന് താഴെ രാവിലെ തെരച്ചില്‍ നടത്തിയെങ്കിലും അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇവിടെയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ ഇട്ടതെന്നായിരുന്നു ഷെറിന്റെ മൊഴി.

മൃതദേഹ അവശിഷ്ടങ്ങള്‍ കോട്ടയത്ത് ഉപേക്ഷിച്ചു എന്ന് മൊഴി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കോട്ടയത്തേക്കും തിരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ അന്വേഷണവുമായി സഹകരിക്കാതെ ഷെറിന്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കുന്നത്. ഇതിനിടെ ഷെറിന്റെ അമ്മ മറിയാമ്മയെയും സഹോദരന്‍ ഡോ. ഷെറിലിനെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു.

കൊലപാതകത്തിനുശേഷം ജോയിയുടെ ശരീരം 20 ലീറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് കത്തിച്ചുവെന്നാണ് ഷെറിന്‍ മൊഴിനല്‍കിയത്. എന്നാല്‍ ഇത്രയും പെട്രോള്‍ ഉപയോഗിച്ചാല്‍ വലിയ അഗ്‌നിബാധയുണ്ടാകും. അതുകൊണ്ടു തന്നെ ഈ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

ഒപ്പം ഗോഡൗണില്‍ വച്ച് മൃതദേഹം കത്തിച്ച് ബാക്കിവന്നത് 10 കിലോയോളം അവശിഷ്ടമാണെന്നു ഷെറിന്‍ മൊഴി നല്‍കി. പക്ഷേ, മാംസാവശിഷ്ടങ്ങളും വസ്ത്രങ്ങളും കണ്ടെത്തിയെങ്കിലും ഒരു ശരീരം പൂര്‍ണമായും കത്തിയതിന്റെ ലക്ഷണമൊന്നും ഗോഡൗണില്‍ ഇല്ലെന്നതും പൊലീസിനെ കുഴയ്ക്കുന്നു.

കാര്‍ നന്നാക്കാന്‍ വേണ്ടി തിരുവനന്തപുരത്തേക്കു പോയ ജോയിയും ഷെറിനും പിന്നീട് തിരിച്ചു വന്നില്ലെന്നാണ് മറിയാമ്മ പൊലീസില്‍ പരാതി നല്‍കിയത്. ഇതിനിടെ മകന്‍ വിളിച്ച് അച്ഛന്‍ കൊല്ലപ്പെട്ടെന്നും തനിക്ക് കയ്യബദ്ധം പറ്റിയതാണെന്നും അമ്മയെ വിളിച്ച് പറഞ്ഞു.

തിരുവനന്തപുരത്തു നിന്ന് മടങ്ങുമ്പോള്‍ ജോയിയും ഷെറിനും തര്‍ക്കം ഉണ്ടായകുകയും മല്‍പിടുത്തം നടത്തുകയും ചെയ്തു. ഇതിനിടെ തനിക്ക് നേരെ പിതാവ് ചൂണ്ടിയ തോക്ക് തട്ടിയെടുത്ത് വെടിവെയ്ക്കുകയായിരുന്നുവെന്നാണ് ഷെറിന്‍ പൊലീസിനോട് പറഞ്ഞത്. ജോയി വി.ജോണിന്റെ നെറ്റിയില്‍ വെടിയേറ്റെന്നാണ് ഷെറിന്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

Top