മകനെ സീലിങ് ഫാനില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തി; പിതാവ് അറസ്റ്റില്‍

ബാംഗ്ലൂര്‍: മകനെ സീലിങ് ഫാനില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിലെ വിഭൂതിപുരയിലാണ് സംഭവം. സഹോദരനെ പിതാവ് കെട്ടിത്തൂക്കുന്നതിന്റെ വീഡിയോ മകള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാനുറച്ച സുരേഷ് ബാബു(45) പന്ത്രണ്ട് വയസുകാരനായ മകനെ സ്റ്റൂളില്‍ കയറ്റി നിര്‍ത്തുന്നതും കഴുത്തില്‍ കുരുക്കിട്ട ശേഷം സ്റ്റൂള്‍ മാറ്റുന്നതും വീഡിയോയിലുണ്ട്. ഭാര്യ ഗീതാഭായി(38)യും തൂങ്ങി മരിക്കുകയായിരുന്നു.

മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാള്‍ മകളുടെ അപേക്ഷയെ തുടര്‍ന്ന് ശ്രമത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

മകനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സുരേഷ് ബാബു ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയുടേയും വീഡിയോയുടേയും അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഇയാള്‍ക്കെതിരെ കൊലപാതകത്തിനും ആത്മഹത്യ പ്രേരണയ്ക്കും കേസെടുത്തിട്ടുണ്ട്.

Top